കാഠ്മണ്ഡു: മ്യാൻമറിനെയും തായ്ലൻഡിനെയും വിറപ്പിച്ച ഭൂകമ്പത്തിന് പിന്നാലെ നേപ്പാളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ ഫലമായി വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം 7.52 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനമനുസരിച്ച് നേപ്പാളിലെ ഗാർഖകോട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി ഡൽഹി-എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉത്തർപ്രദേശിലും ബിഹാറിലും ചലനങ്ങളുണ്ടായതായി നെറ്റിസൺസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
മാർച്ച് 29ന് മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. മ്യാൻമറിനെ അടിമുടി തകർത്ത ഭൂചലനത്തിൽ 2700ലധികം ആളുകളാണ് മരിച്ചത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽനിന്ന് 17.2 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെയാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. ഇന്ത്യയിൽ മേഘാലയയിലും മണിപ്പൂരിലും ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായിരുന്നു.