ന്യൂയോർക്ക്: സ്പെയിനിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചു പേരുമായി പറക്കുകയായിരുന്ന ഹെലിക്കോപ്ടർ തകർന്നു വീണ് പൈലറ്റ് ഉൾപെപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ഹെലികോപ്റ്റർ തകർന്നു വീണത് മാൻഹട്ടൻ പടിഞ്ഞാറൻ ഭാഗത്ത്ഹഡ്‌സൺ നദിയിലാണ്. ബെൽ 206 ബ്ലേഡഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതർ പറഞ്ഞു. അമേരിക്കക്കാരനായ പൈലറ്റാണ് ഹെലികോപ്ടർ പറത്തിയത്.ഹെലികോപ്റ്റർ ആകാശത്ത് നിന്ന് തലകീഴായി ഹഡ്‌സൺ നദിയിലേക്ക് വീഴുകയായിരുന്നു. ന്യൂജേഴ്സി തീരത്തേക്ക് നീങ്ങാൻ ജോർജ്ജ് വാഷിംഗ്ടൺ പാലത്തിനു മുകളിൽ നിന്ന് തിരിഞ്ഞ ഉടൻ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ട്‌ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടവിവരം അറിഞ്ഞ ഉടനെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ പുറപ്പെട്ടുവെന്ന് ന്യൂയോർക്ക പ ഫയർ കമ്മീഷണർ റോബർട്ട് ടക്കർ പറഞ്ഞു. മരണപ്പെട്ടവരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്ന് ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ അനേന്വേഷണം ആരംഭിച്ചു..