ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ആഡംബര അനാശാസ്യകേന്ദ്ര വിവാദത്തെ തുടർന്ന് സംരംഭകനായ അനുരാഗ് ബാജ്പെയിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ ആണ് അനുരാഗ്.
രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യപ്രവർത്തനത്തിൽ ഇയാൾ പങ്കാളിയാണ്. പല പ്രാവശ്യം ഈ അപ്പാർട്മെന്റ് സന്ദർശിച്ചതായും യുവതികൾക്കായി ഇയാൾ വൻ തുക മുടക്കിയതായും കുറ്റപത്രത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ബോസ്റ്റൺ ഏരിയ കോടതി രേഖകളിൽ നിരവധി വ്യക്തികളുടെ പട്ടികയിൽ അനുരാഗിന്റെ പേരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ലൈംഗിക സേവനത്തിനായി അനുരാഗിനെ പോലുള്ള ‘ഹൈ പ്രൊഫൈൽ ക്ലയന്റു’കൾ മണിക്കൂറിൽ 600 ഡോളർ ( 51,713 രൂപ) വരെ ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം അനുരാഗിന്റെ അറസ്റ്റിന് പിന്നാലെ ഗ്രേഡിയന്റ് കമ്പനി അദ്ദേഹത്തെ അനുകൂലിച്ച് പ്രസാതാവനയും ഇറക്കിയിരുന്നു. തങ്ങൾ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നും വൈകാതെതന്നെ എല്ലാം അനുകൂലമാകുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ലക്നൗവിലെ ലാ മാർട്ടിനിയർ കോളജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുരാഗ്, 2006 ൽ മിസോറി-കൊളംബിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. പിന്നീട് 2008 ൽ എംഐടിയിൽ നിന്ന് എംഎസ്‌സി ബിരുദവും 2012 ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി. ജല ശുദ്ധീകരണ സാങ്കേതികവിദ്യയിൽ വിദഗ്ധനാണ് അനുരാഗ്. സയന്റിഫിക് അമേരിക്കയുടെ വാർഷികത്തിൽ ലോകത്തെ മാറ്റിമറിച്ച മികച്ച 10 ആശയങ്ങളിൽ ഒന്ന് അനുരാഗിന്റേതായിരുന്നു.