ന്യൂയോര്‍ക്ക്: അമേരിക്കക്കാരുടേതുള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൈനയ്ക്ക് കൈമാറിയതായി മുന്‍ ജീവനക്കാരിയുടെ ഗുരുതര ആരോപണം.
ചൈനയിലെ വ്യവസായം മെച്ചപ്പെടുത്തുന്നതിനായി യുഎസിന്റെ ദേശീയ സുരക്ഷയില്‍ മെറ്റയും സക്കര്‍ബര്‍ഗും വിട്ടുവീഴ്ച ചെയ്തുവെന്നും അമേരിക്കന്‍ മൂല്യങ്ങളെ ഒറ്റിക്കൊടുത്തുവെന്നുമാണ് വിസില്‍ ബ്ലോവറായി രംഗത്തെത്തിയ സാറ ആരോപിക്കുന്നത്. സെനറ്റര്‍ ജോഷ് ഹാവ്ലിയുടെ അധ്യക്ഷതയിലുള്ള ക്രൈം ആന്റ് കൗണ്ടര്‍ ടെററിസം സെനറ്റ് ജുഡിഷ്യറി സബ് കമ്മറ്റിക്ക് മുന്നിലാണ് സാറയുടെ വെളിപ്പെടുത്തലുകള്‍.
ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ പോളിസി ഡയറക്ടറായി ഏഴ് വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ചയാളാണ് സാറ. തന്റെ ഓര്‍മക്കുറിപ്പായ ‘കെയര്‍ലെസ് പീപ്പിള്‍’ എന്ന പുസ്തകത്തിലും സാറ ഇതേ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
അമേരിക്കക്കാരുടേതുള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭ്യമാക്കുന്ന തീരുമാനങ്ങള്‍ മെറ്റയിലെ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നുവെന്ന് സാറ ആരോപിക്കുന്നു. യുഎസിന്റെ ദേശീയ സുരക്ഷയില്‍ അവര്‍ ആവര്‍ത്തിച്ച് വിട്ടുവീഴ്ച ചെയ്യുന്നതിനും അമേരിക്കന്‍ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതിനും താന്‍ സാക്ഷിയായെന്നും സാറ പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമര്‍ശകരെ നിശബ്ദരാക്കുന്നതിനുള്ള സെന്‍സര്‍ഷിപ്പ് ടൂളുകള്‍ നിര്‍മിക്കാന്‍ മെറ്റ ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതുവഴി ഉള്ളടക്കങ്ങള്‍ വ്യാപകമായി മോഡറേറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുഎസില്‍ താമസിക്കുന്ന ചൈനീസ് വിമതന്‍ ഗുവോ വെന്‍ഗുയിയുടെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തത്. വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനം കാണിച്ചായിരുന്നു ഈ നടപടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് 2015 മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മെറ്റ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡീപ്പ് സീക്ക് പോലുള്ള നേട്ടങ്ങളിലെത്താന്‍ ചൈനയെ സഹായിച്ചത് മെറ്റയുടെ പ്രവര്‍ത്തനങ്ങളാണെന്നും സാറ ആരോപിച്ചു.