ആരോഗ്യമുള്ള ശരീരത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യമുള്ള പല്ലുകൾ അത്യന്താപേക്ഷിതമാണ്. നല്ല ഭക്ഷണം കഴിക്കണമെങ്കിൽ പല്ലിന് കരുത്ത് വേണം. പല്ല് മോശമാണെങ്കിൽ പിന്നെ കാലക്രമേണ അത് നിങ്ങളെ വലിയ ബുദ്ധിമുട്ടിലേക്ക് നയിക്കും. അതിനാൽ തന്നെ പല്ല് നന്നായി പരിപാലിക്കാൻ നമ്മൾ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. രാവിലെ എണീറ്റാൽ ആദ്യം തന്നെ ബ്രഷ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നല്ല ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചാലും മഞ്ഞനിറം അധികമായി വരുന്നുണ്ടോ? ഈ പ്രശ്നം പരിഹരിക്കാൻ ചില വഴികളുണ്ട്.
ബ്രഷ് ചെയ്യുമ്പോൾ നാം കാണിക്കുന്ന ചില അബദ്ധങ്ങളാണ് പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാവുന്നതെന്ന് ദന്ത ഡോക്ടർമാർ പറയുന്നു. എയിസ്തെറ്റിക് ഡെൻ്റൽ കെയറിലെ ഡോക്ടർ ഫെറാഖ് ഹമീദ് പറയുന്നത് പല്ല് തേക്കുന്നതിന് മുമ്പ് ബ്രഷ് ചെറുതായി നനയ്ക്കണമെന്നാണ്. ടൂത്ത് പേസ്റ്റ് എല്ലാ ഭാഗത്തും എത്താനും പല്ല് നന്നായി വൃത്തിയാവാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൽപം വെള്ളം കൊണ്ട് നനയ്ക്കുമ്പോൾ ബ്രഷിലെ നാരുകൾ കൂടുതൽ മൃദുലമാവും. ഇത് നിങ്ങളുടെ മോണയ്ക്കും പല്ലിനും നല്ലതാണ്. പല്ല് തേയ്ക്കുന്ന സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യില്ല. അതിനാൽ പല്ല് തേയ്ക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കുന്ന ശീലം നിങ്ങളുടെ ആരോഗ്യപരിപാലനത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർ പറയുന്നു.
“ബ്രഷ് ചെയ്യുമ്പോൾ നിങ്ങൾ കാണിക്കുന്ന ചില അബദ്ധങ്ങളാണ് മഞ്ഞനിറം കൂടുന്നതിന് കാരണമാവുന്നത്. അസിഡിക്കായ ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് തന്നെ പല്ല് തേക്കുന്നതും ബ്രഷ് നനയ്ക്കാതെ പല്ല് തേക്കുന്നതുമെല്ലാം മഞ്ഞനിറത്തിന് കാരണമാവും. വെള്ളം നനയ്ക്കാതെ ഡ്രൈ ആയി ബ്രഷ് ചെയ്യുന്നത് പല്ലിലെ കറ നീക്കംചെയ്യാൻ ഫലപ്രദമാണെന്ന് നിങ്ങൾക്ക് തുടക്കത്തിൽ തോന്നിയേക്കാം. പക്ഷേ, വെള്ളമില്ലാതെ ടൂത്ത് പേസ്റ്റ് പല്ലുകളിൽ നന്നായി വ്യാപിക്കില്ല. അത് മൂലം പല്ല് മങ്ങിത്തുടങ്ങുകയും മഞ്ഞനിറമാവുകയും ചെയ്യുന്നു,” ബ്രിസ്റ്റോൾ ലൈവിനോട് സംസാരിക്കവേ ഫെറാഖ് ഹമീദ് പറഞ്ഞു.
അസിഡിറ്റി ഉള്ള ഭക്ഷണം കഴിച്ചയുടനെ ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലിൻ്റെ ഇനാമലിനെ ഇല്ലാതാക്കും. അതിനിലാണ് മഞ്ഞനിറം വെളിപ്പെട്ട് വരുന്നത്. അങ്ങനെ പല്ല് മഞ്ഞനിറത്തിൽ കാണപ്പെടുകയും ചെയ്യും. പല്ലിൻ്റെ സ്വാഭാവിക നിറവും തിളക്കവും നിലനിർത്താൻ ശരിയായ സമയത്ത് ശരിയായ രീതിയിൽ തന്നെ ബ്രഷ് ചെയ്യണം. ഭക്ഷണത്തിലെ ആസിഡ് നിങ്ങളുടെ ഇനാമലിനെ ദുർബലപ്പെടുത്തുകയും പല്ലിന് നിറവ്യത്യാസം ഉണ്ടാക്കുകയും ചെയ്യും. അസിഡിറ്റി ഉള്ള ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് സമയം കഴിഞ്ഞതിന് ശേഷം മാത്രം പല്ല് തേക്കുക. അങ്ങനെ ചെയ്യുമ്പോൾ ഇനാമൽ നിലനിൽക്കുകയും പല്ലിൻെറ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യും.
വായ വൃത്തിയായി സൂക്ഷിക്കാൻ രോഗാണുക്കളെ നന്നായി ചെറുക്കുന്ന തരത്തിലുള്ള മൗത്ത് വാഷോ ടൂത്ത് പേസ്റ്റോ തന്നെ ഉപയോഗിക്കണം. പല്ലിന് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ പെട്ടെന്ന് തന്നെ ദന്ത ഡോക്ടറെ കണ്ട് വേണ്ട ചികിത്സയെടുക്കുന്നതാണ് നല്ലത്. എല്ലാ ദിവസവും നാവ് വൃത്തിയാക്കാനും മറക്കരുതെന്ന് ഫെറാഖ് ഹമീദ് കൂട്ടിച്ചേർത്തു.