വാഷിങ്ടൺ: യു.എസുമായി വ്യാപാര കരാറുണ്ടാക്കാൻ ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന. പ്രീണനം സമാധാനം കൊണ്ടു വരില്ലെന്നാണ് ചൈനയുടെ വിമർശനം. യു.എസുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിന് പകരമായി ചൈനയെ ബഹിഷ്‍കരിക്കണമെന്ന് പല രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചൈനയുടെ പ്രതികരണം.
പ്രീണനം സമാധാനം കൊണ്ടുവരില്ല. ഒത്തുതീർപ്പ് ബഹുമാനം നേടിത്തരില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വക്താവ് പ്രതികരിച്ചു. ന്യായത്തിന്റെ ഭാഗത്ത് എല്ലാവരും നിന്ന് അന്താരാഷ്ട്ര സമ്പദ്‍വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ചൈന ആഹ്വാനം ചെയ്തു.
വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയർത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് ഈ വസ്തുക്കൾ അത്യാന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.