Monday, April 21, 2025

HomeHealth & Fitnessവേദനയ്ക്ക് 'മെഫ്താല്‍' കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വേദനയ്ക്ക് ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

spot_img
spot_img

വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫെനാമിക് ആസിഡിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. മെഫ്താല്‍ എന്ന പേരിലാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഇന്ത്യന്‍ ഫാര്‍മകോപ്പിയ കമ്മീഷന്‍ (ഐപിസി) ആണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.

മെഫെനാമിക് ആസിഡ് ഗുളികകള്‍ ഇസ്‌നോഫീലിയ, DRESS സിന്‍ഡ്രോം എന്നീ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

തലവേദന, ആര്‍ത്തവ വേദന, പേശീവേദന, സന്ധിവേദന എന്നിവയകറ്റാനായി ഇന്ത്യയിലെ ജനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് മെഫെനാമിക് ആസിഡ് എന്ന മെഫ്താല്‍. കൂടാതെ കുട്ടികളിലുണ്ടാകുന്ന പനിയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.

ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്താൽ, മാന്‍കൈന്‍ഡ് ഫാര്‍മയുടെ മെഫ്കൈന്‍ഡ് പി, ഫൈസറിന്റെ പോണ്‍സ്റ്റാന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മം എന്നിവയാണ് ഈ മരുന്നിന്റെ വിവിധ ബ്രാന്‍ഡുകള്‍.

എന്താണ് DRESS സിന്‍ഡ്രോം?

Drug Rash with Eosinophilia and Systemic Symptoms എന്നാണ് DRESS സിന്‍ഡ്രോമിന്റെ പൂര്‍ണ്ണരൂപം. ഒരു അലര്‍ജി രോഗമാണിത്. ഏകദേശം 10 ശതമാനത്തിലധികം പേരില്‍ ആ രോഗലക്ഷണങ്ങള്‍ ഗുരുതരമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചില മരുന്നുകളുമായി ശരീരം പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് ഈ രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ചര്‍മ്മത്തിലുണ്ടാകുന്ന ചുവന്ന തിണര്‍പ്പുകള്‍ ചിലപ്പോള്‍ നിങ്ങളുടെ ആന്തരികാവയവയങ്ങളെ വരെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമെന്ന് ഡോക്ടര്‍മാര്‍

“ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍മാരും രോഗികളും ബോധവാന്‍മാരായിരിക്കണം,” എന്നായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ മുന്നറിയിപ്പ്.

ഇത്തരം പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ഫാര്‍മകോപ്പിയ കമ്മീഷനെ (ഐപിസി) ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതേസമയം DRESS സിന്‍ഡ്രോം എന്നത് നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ഉപയോഗത്താല്‍ ഉണ്ടാകുന്ന ഒരു പാര്‍ശ്വഫലങ്ങളിലൊന്നാണെന്നാണ് ഡോക്ടര്‍മാരും വിദഗ്ധരും പറയുന്നത്.

”നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളായ ഇബുപ്രോഫെന്‍, നാപ്രോക്‌സെന്‍ തുടങ്ങിയവയുടെ ഉപയോഗം DRESS സിന്‍ഡ്രോമിന് കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്,” ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടർ പറഞ്ഞു.

എന്നാൽ, രോഗലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും അനുഭവപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തെ ജോലിയ്ക്കിടെ ഇത്തരം പാര്‍ശ്വഫലങ്ങളുമായി ഒരാള്‍ പോലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മെഫ്താല്‍ പോലെയുള്ള മരുന്നിന്റെ ഉപയോഗത്തിന്റെ ഭാഗമായി DRESS സിന്‍ഡ്രോം ഉണ്ടാകുകയെന്നത് വളരെ അപൂര്‍വമാണെന്ന് ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments