വാഷിങ്ടൻ : സർവകലാശാലയ്ക്കുള്ള ഫെഡറൽ ഫണ്ടിംഗ് തടഞ്ഞ ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഹാർവഡ് സർവകലാശാല. യുഎസ് മസാച്യുസെറ്റ്സ് ഫെഡറൽ കോടതിയിലാണ് ഹാർവഡ് സർവകലാശാല ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
2.2 ബില്യൻ ഡോളറിലധികം വരുന്ന ഫെഡറൽ ഫണ്ടിഗ് തടഞ്ഞതിനെതിരെയാണ് കേസ്. ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും നടപടി സർക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതാണെന്നും ഹാർവഡ് സർവകലാശാല അറിയിച്ചു.
സ്വകാര്യ സർവകലാശാലകൾ എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം, ആരെ നിയമിക്കണം, എന്നൊന്നും ഒരു സർക്കാരിനും തീരുമാനിക്കാൻസാധിക്കില്ലെന്നാണ് ഹാർവഡ് പ്രസിഡന്റ് ഗാർബർ പറയുന്നത്. ഫെഡറൽ ഫണ്ട് തുടർന്നു ലഭിക്കണമെങ്കിൽ ചില നിർദേങ്ങൾ അംഗീകരിക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. കോളജ് ക്യാംപസുകളിൽ വർധിച്ചു വരുന്ന ജൂതവിരുദ്ധതക്കെതിരെയുള്ള പ്രതികരണമായാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ ഇതിനെതിരേയാണ് ഹാർവാർഡ് രംഗത്തു വന്നിട്ടുള്ളത്