പൂഞ്ച്: പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ക്രൂര ഭീകരാക്രമണം നടത്തിയ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വലത്തിലാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നാണ് പ്രാഥമീക വിവരം. സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12 ന് സംസ്‌കാരം നടക്കും.