മസ്കത്ത്: ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും. ഒമാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകും.
ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നാളെ നടക്കുമെന്നാണ് റിപ്പോർട്ട്. യു.എസിന്റെ ഭാഗത്തുനിന്ന് സാങ്കേതിക ചർച്ചകൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന മൈക്കൽ ആൻറൺ നേതൃത്വം നൽകും. അതേസമയം, ഇറാന്റെ ഭാഗത്തുള്ള സാങ്കേതിക ചർച്ചകൾക്ക് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ കാസെം ഗരിബാബാദിയും മജിദ് തഖ്ത് റവഞ്ചിയും നേതൃത്വം നൽകുമെന്ന് ഇറാന്റ വാർത്ത ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മസ്കത്തിലെത്തിയിട്ടുണ്ട്. നേരത്തെ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച നടന്നിരുന്നു. റോമിലെ ഒമാൻ എംബസിയിലായിരുന്നു നാല് മണിക്കൂർ നീണ്ട ചർച്ച നടന്നത്.
അതേസമയം ഇറാൻ-യു.എസ് ചർച്ചകളുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിച്ചു. ഒമാനും ഇറ്റലിയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ അവർ അവലോകനം ചെയ്തു.