ന്യൂയോർക്ക്: ആമസോണിന്റെ കൈപ്പർ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനത്തിന് വേണ്ടിയുള്ള ആദ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 27 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്. ചൊവ്വാഴ്ച ഫ്ലോറിഡയിൽ നിന്നായിരുന്നു വിക്ഷേപണം. കൈപ്പർ പദ്ധതിയുടെ ഭാഗമായി 3236 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോണിന്റെ പദ്ധതി. 2019-ലാണ് 1000 കോടി ഡോളറിന്റെ പദ്ധതി കമ്പനി പ്രഖ്യാപിച്ചത്.
സാധാരണ ഉപഭോക്താക്കൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഭരണകൂടങ്ങൾക്കും ആഗോളതലത്തിൽ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. ബോയിങ്, ലോക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
സ്പേസ് എക്സിന്റെ സ്റ്റാർലിങ്കിനെ വെല്ലുവിളിച്ചാണ് ആമസോണിന്റെ കൈപ്പർ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും സ്റ്റാർലിങ്ക് ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകഴിഞ്ഞു.
ഈ വർഷം യുഎൽഎയുടെ റോക്കറ്റുകളിൽ കൈപ്പർ ഉപഗ്രഹങ്ങളുടെ അഞ്ച് വിക്ഷേപണങ്ങൾ കൂടി നടക്കും. 578 ഉപഗ്രഹങ്ങളായാൽ ഭൂമിയുടെ ചില വടക്കൻ മേഖലകളിലും തെക്കൻ മേഖലകളിലും സേവനം ആരംഭിക്കാനാവുമെന്ന് ആമസോൺ നേരത്തെ വ്യക്തമാക്കിയിരുന്നു.