വാഷിങ്ടൺ: യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. വാണിജ്യമേഖലയിലെ സുരക്ഷയ്ക്ക് പ്രഫഷനൽ ഡ്രൈവർമാർ ഇംഗ്ലിഷ് അറിയേണ്ടതു സുപ്രധാനമാണെന്നു ട്രംപ് പറഞ്ഞു. ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞാലേ ട്രാഫിക് നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ കഴിയൂ എന്നും ട്രംപ് പറഞ്ഞു.
ഫെഡറൽ നിയമങ്ങൾ ഇതു നിഷ്കർഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഉത്തരവ് വിവേചനപരമാണെന്നു സിഖ് സംഘടനകൾ ആരോപിച്ചു. യുഎസിലെ ചരക്കുനീക്ക മേഖലയിൽ ഒന്നര ലക്ഷത്തിലേറെ സിഖ് വംശജർ ജോലിയെടുക്കുന്നുണ്ട്. ഇവരിൽ 90 ശതമാനവും ഡ്രൈവർമാരാണ്.