ഷാജി രാമപുരം
ഡാലസ് : ഇർവിംഗ് സെൻറ്. ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1 വ്യാഴം മുതല്‍ മെയ് 4 ഞായർ വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.
ഏപ്രിൽ 27, ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്കാരത്തിനും, വിശുദ്ധ കുർബാന ശുശ്രുഷക്കും ശേഷം റവ.ഫാ. ജോഷ്വാ ജോർജിന്റെ (ബിനോയ് അച്ചൻ) നേതൃത്വത്തിൽ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കം കുറിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർ കുര്യാക്കോസ് ആശ്രമ അംഗവും, സഭയുടെ ആരാധന സംഗീതത്തിനു അനേകം സംഭാവനകൾ നൽകിയിട്ടുള്ളതുമായ റവ.ഫാ. ജോൺ സാമുവേൽ (റോയ് അച്ചൻ) ഈ വർഷത്തെ പെരുന്നാളിനു മുഖ്യാതിഥിയായി നേതൃത്വം നൽകും.

മെയ് 1 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് 7 മണി മുതൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിശ്വാസത്തെ കുറിച്ചുള്ള സംവേദനാത്മക പഠന ക്ലാസും പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടും.
മെയ് 2 വെള്ളിയാഴ്ച വൈകിട്ട് 6:30 നും, മെയ് 3 ശനിയാഴ്ച വൈകിട്ട് 6 നും സന്ധ്യ പ്രാർത്ഥനയും, ഗാന ശുശ്രുഷയും തുടർന്ന് സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോട് ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കും. അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും വൈകിട്ട് 4 മണി മുതൽ ഉണ്ടായിരിക്കുന്നതാണന്ന് ഈ വർഷത്തെ ഭരണ സമിതി അറിയിച്ചു.
മെയ് 4 ഞായറാഴ്ച രാവിലെ 8:30 മുതൽ പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബ്ബാന ശുശ്രുഷ, റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഈ ഓര്‍മ്മ പെരുന്നാളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തേയും പ്രത്യേകം ക്ഷണിക്കുന്നായി ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോർജ്, സെക്രട്ടറി എലിസബത്ത് തോമസ് (ജീന), ട്രഷറാർ സുനിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്:-
പെരുന്നാൾ കൺവീനർ – ബോബി മാത്യു 469- 569-6829