നേര്‍കാഴ്ച ലേഖകന്‍
കോട്ടയം: അയര്‍ക്കുന്നത്ത് യുവ അഭിഭാഷക രണ്ട് പെണ്‍മക്കളുമായി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മിയെയും അച്ഛന്‍ ജോസഫിനെയും കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരെയും കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവര്‍ക്കുമെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.
ഹൈക്കോടതി അഭിഭാഷകയായിരുന്ന ജിസ്‌മോളെ ശാരീരികവും മാനസികവുമായി ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു എന്നാണു കുടുംബം ആരോപിച്ചിരുന്നത്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തരം ജിസ് മോള്‍ അപമാനിക്കപ്പെട്ടു. ജിസ്‌മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നതോടെയാണ് പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ പോലിസിനു ലഭിക്കുന്നത്. മാനസിക പീഡനം വ്യക്തമാകുന്ന ശബ്ദ സന്ദേശങ്ങള്‍ ഇതിലൂടെ പൊലീസിന് കിട്ടി.
കൂട്ട ആത്മഹത്യക്ക് പിറകെ ജിസ്മോളുടെ കുടുംബം കോട്ടയം എസ്.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി ഉണ്ടായില്ല. കേസില്‍ നടപടി വൈകുന്നെന്നാരോപിച്ച് നാട്ടുകാര്‍ ഇതിനിടെ പ്രതിഷേധ സമരം നടത്തി. ഒപ്പം മുഖ്യമന്ത്രിക്കും ജിസ്മോളുടെ കുടുംബം പരാതി നല്‍കിയതോടെയാണ് അത് വരെ കേസന്വേഷണത്തില്‍ തരികിട കാട്ടിയ കോട്ടയം പോലീസിന്റെ കണ്ണ് തുറക്കുന്നത്.
കഴിഞ്ഞ 15-ാം തീയതിയാണ് കോട്ടയം, ഏറ്റുമാനൂര്‍ പുളിങ്കുന്ന് കടവില്‍ സ്‌കൂട്ടറില്‍ എത്തിയ അമ്മയും രണ്ട് മക്കളും ആറ്റില്‍ ചാടി മരിച്ചത്. ജിസ് മോള്‍ തോമസ് (34), നാല് വയസ്സുള്ള മകന്‍ നോഹ, രണ്ട് വയസ്സുള്ള മകള്‍ നോറ എന്നിവരാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ് മോള്‍ 2019-2020 കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ജിസ്മോള്‍ ശ്രമിച്ചിട്ടുണ്ട്.
ജിസ്മോളും ഭര്‍ത്തൃമാതാവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മരിക്കുന്നതിന് മുമ്പ് ജിസ്മോള്‍ അച്ഛനെ വിളിച്ചിരുന്നു. മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ജിസ്മോള്‍ ഫോണ്‍ വച്ച ഉടന്‍ അച്ഛന്‍ ജിസ്മോളുടെ ഭര്‍ത്താവ് ജിമ്മിയെ വിളിച്ച് കാര്യം പറഞ്ഞു. ജിമ്മി എത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന വീടാണ്. കാന്‍സര്‍ ബാധിതയായ അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു ജിമ്മി.
സമാനമായ ഒരു സംഭവമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഏറ്റുമാനൂരില്‍ തന്നെ ഉണ്ടായത്. ഭര്‍ത്താവുമായി അകന്ന് ഏറ്റുമാനൂരിലെ പറോലിക്കലിലെ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന ഷൈനി (43) മക്കളായ അലീന എലിസബത്ത് (11), ഇവാന മരിയ (10) എന്നിവരെ കൂട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തസംഭവവും നാടിന്റെ നൊമ്പരമായി.
കടുത്ത മദ്യപാനിയായ ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിന്റെ നിരന്തരമായ മര്‍ദനത്തില്‍ സഹികെട്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. സംഭവത്തിന്റെ തലേന്ന് നോബി ഫോണ്‍ വിളിച്ച് ഷൈനിയോട് ”കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചൂടേ…” എന്ന് ചോദിച്ചുവെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. നോബി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.