തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്ര അനിശ്ചിതത്വമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന് കൃത്യമായി ബോധ്യമുള്ള പുനഃസംഘടനാ വിഷയത്തില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ വാര്‍ത്തയുണ്ടാക്കുന്നത് അത്ര ആരോഗ്യകരമല്ല. നേതൃത്വം ഇടപെട്ട് ആ അനിശ്ചിതത്വം മാറ്റണം. അല്ലെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിക്കും. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ആളുകളുടെ ആത്മവീര്യത്തെയും ബാധിക്കും. അവര്‍ തുടരുകയാണോ അല്ലയോ എന്നകാര്യത്തില്‍ വ്യക്തതവരുത്തണം. അതല്ലാതിരിക്കുമ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് പെര്‍ഫോം ചെയ്ത് മുന്നോട്ടുപോകാനാകുകയെന്നും രാഹുല്‍ ചോദിച്ചു.
വരാന്‍പോകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. അംഗനവാടിയിലെ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പല്ല. സാധാരണ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്ന, സാധാരണ പ്രവര്‍ത്തകന് അധികാരസ്ഥാനങ്ങളിലേക്ക് വരാന്‍കഴിയുന്ന തിരഞ്ഞെടുപ്പാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ ഒരുങ്ങേണ്ടുന്ന പ്രസ്ഥാനം ഇത്തരം ചര്‍ച്ചകളുടെ പിന്നാലെ പോകുന്നത് സാധാരണ പ്രവര്‍ത്തകന്റെ ആത്മവീര്യം തകര്‍ക്കും. പ്രവര്‍ത്തകന് രാവിലെ പത്രം എടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റി ചുളിക്കേണ്ടിവരുന്ന, വിയര്‍ക്കേണ്ടിവരുന്ന അവസ്ഥ മാറ്റേണ്ട ബാധ്യത പാര്‍ട്ടിയുടെ നേതാക്കള്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൂടി കാണിക്കാന്‍ അവരോട് സ്നേഹത്തോടെ അഭ്യര്‍ഥിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.