ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കേന്ദ്രം വാക്‌സിന് നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ജൂണ്‍ 21 മുതല്‍ പുതിയ നയം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജമ്യമായി വിതരണം ചെയ്യും. നിര്‍മ്മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാരാണ് വാങ്ങുക. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.ഇതിന്റെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.എന്നാല്‍ വാക്‌സിന്‍ വിലയേക്കാള്‍ അധികമായി 150 രൂപ വരെ മാത്രമേ സര്‍വ്വീസ് ചര്‍ജ് ആയി സ്വകാര്യ ആശുപത്രികള്‍ വാങ്ങാവൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാക്‌സിന്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച തിരുമാനങ്ങള്‍ കൈക്കൊണ്ടത്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വാക്‌സിന്‍ സംഭരണങ്ങളും പിടിച്ചുവെന്ന ആരോപണം ഉയര്‍ന്നു. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കരുതെന്ന ആക്ഷേപമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിട്ടുനല്‍കാനുള്ള തിരുമാനം കൈക്കൊണ്ടത്. ഇതുപ്രകാരം 25 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കി. ഇത് ദുഷ്‌കരമാണെന്ന് പിന്നീട് സംസ്ഥാനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ 18 നും 22 വയസിനും ഇടയില്‍ പ്രാമയുള്ളവര്‍ക്ക് വാക്‌സിന്‍ പൊതുവിപണിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങുകയാണ്. ഉയര്‍ന്ന വില കൊടുത്താണ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങേണ്ടി വരുന്നത്. ഇതോടെ കേന്ദ്ര വാക്‌സിന്‍ നയത്തിലെ അപാകതകള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയും കേന്ദ്ര നയത്തെ ചോദ്യം ചെയ്തിരുന്നു.
വാക്‌സിന്‍ നയം വിവേചനപരമാണെന്നും പൂന;പരിശോധിക്കണമെന്നുമാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പൂര്‍ണമായും സംഭരിക്കമെന്ന് വ്യക്തമാക്കി നേരത്തേ കേരളം, ഒഡീഷ ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്ത് നിലവില്‍ 7 കമ്പനികളാണ് വാക്‌സിന്‍ തയ്യാറാക്കുന്നത്. മൂന്ന് വാക്‌സിനുകളുടെ അവസാന ഘട്ട പരീക്ഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും. അതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.