പി.പി. ചെറിയാന്
ഓസ്റ്റിന്‍: ടെക്സസിലെ വ്യവസായ ശാലകളിലോ, മറ്റു സ്ഥാപനങ്ങളിലോ ജീവനക്കാരെ കോവിഡ് വാക്സീന് നിര്‍ബന്ധിക്കുന്നത് വിലക്കി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് തിങ്കളാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. മതവിശ്വാസത്തിന്റെ പേരിലോ, ആരോഗ്യ കാരണങ്ങളാലൊ കോവിഡ് വാക്സീന് സ്വീകരിക്കാത്തവരെ അതിനു നിര്‍ബന്ധിക്കുന്നത് കര്‍ശനമായി നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്.
ബിസിനസ് സ്ഥാപനങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നതിന് അവര്‍ തന്നെ തീരുമാനിച്ചാല്‍ അതിനെ എതിര്‍ക്കില്ല. കോവിഡ് വാക്സീന് സുരക്ഷിതവും, പ്രയോജനകരവുമാണ്. എന്നാല്‍ അത് സ്വീകരിക്കുന്നതിനു ആരേയും നിര്‍ബന്ധിക്കരുത്. അങ്ങനെയുള്ള പരാതി ലഭിച്ചാല്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ വാക്സീന് പാസ്പോര്‍ട്ട് ആവശ്യപ്പെടുന്നത് നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. ഈയിടെ പ്രസിദ്ധീകരിച്ച കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ ടെക്സസ് ഉള്‍പ്പെട്ടിട്ടില്ലെന്നുള്ളത് കോവിഡ് കേസുകള്‍ സാവകാശം ഇവിടെ കുറഞ്ഞുവരുന്നുവെന്നുള്ളതിന് തെളിവാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു.
യുഎസ്സിലെ 45 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ ശരാശരി ദിനംപ്രതി കുറഞ്ഞുവരുന്നുവെന്ന് ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.