പിങ്ക് ഉപ്പ് (ഇന്തുപ്പ്) ഇപ്പോള്‍ ലഭിക്കുന്ന ഉപ്പിനേക്കാള്‍ ആരോഗ്യദായകം.പുരുഷന്‍മാരില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് നല്ല കുളിര്‍മ നല്‍കാന്‍ ഈ ഉപ്പിനു സാധിക്കുന്നു. അതിനാല്‍ നല്ല സുഖപ്രദമായ ഉറക്കവും ലഭിക്കുന്നു. അതുവഴി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. അപ്പോള്‍ ഇനി നമുക്ക് ഗുണങ്ങള്‍ ഏറെയുള്ള ഈ ഉപ്പ് ശീലമാക്കാം. ആരോഗ്യം ഉറപ്പിക്കാം.
രാജസ്ഥാന്‍, പഞ്ചാബ് പ്രവിശ്യകളില്‍ ആണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാള്‍ട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഹിമാലയന്‍ പിങ്ക് ഉപ്പ് ആണ് ഇന്ന് വിപണിയില്‍ ലഭിക്കുന്നത്. അഷ്ടാംഗ സംഗ്രഹം, ചരക സംഹിത, ശുശ്രുത ഭാവപ്രകാശ നിഘണ്ടു, അഷ്ടാംഗഹൃദയം എന്നീ കൃതികളില്‍ ഇന്തുപ്പിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഹിമാലയത്തില്‍ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഏറ്റവും നല്ലത്.
മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം, മാംഗനീസ് എന്നീ ലോഹങ്ങള്‍ പിങ്ക് ഉപ്പില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ നിര്‍ജീവമായിക്കിടക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ ഈ ഉപ്പ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. അതുവഴി വിശപ്പ് വര്‍ധിക്കുന്നു. ഓക്കാനം, ഛര്‍ദില്‍, ഫ്‌ലൂ, വിരശല്യം എന്നിവയാല്‍ നിങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ചെറുനാരങ്ങാ നീരും പിങ്ക് ഉപ്പും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഈ ഉപ്പില്‍ അയഡിന്‍ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ രക്തസമ്മര്‍ദം കൂടുതല്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവ മൂന്നിനെയും ബാലന്‍സ് ചെയ്യാന്‍ പിങ്ക് ഉപ്പിന് സാധിക്കുന്നു. ശരീരത്തിലെ ഉപാപചയം വര്‍ധിപ്പിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി രാവിലെ ആഹാരത്തിനു മുന്‍പ് നാരങ്ങാ നീരും പിങ്ക് ഉപ്പും അല്പം വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ വളരെ നല്ലതാണ്. ഇളം പിങ്ക് നിറമാണ് ഈ ഉപ്പിന്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും പല്ലുകള്‍ക്ക് ശക്തി നല്‍കുകയും, മുട്ട് വേദന, തലവേദന, സന്ധിവേദന ഇവയ്ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരമായി ഇളം ചൂട് വെള്ളത്തില്‍ ഈ ഉപ്പ് ചേര്‍ത്ത് കാല്‍ മുക്കിവയ്ക്കുക.
ശരീരഭാഗങ്ങളില്‍ നീര് ഉണ്ടെങ്കില്‍ പിങ്ക് ഉപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് നീരുള്ള ഭാഗത്ത് ആവി നല്‍കാം. അതുമല്ലെങ്കില്‍ മുരിങ്ങയിലയോടൊപ്പം ഉപ്പ് അരച്ച് ചേര്‍ത്ത് പുരട്ടുക.