Monday, December 23, 2024

HomeFeaturesസ്വന്തം കണ്ണുകളെ സംരക്ഷിക്കാം: ഒക്ടോബര്‍ 14 ലോക കാഴ്ച ദിനം

സ്വന്തം കണ്ണുകളെ സംരക്ഷിക്കാം: ഒക്ടോബര്‍ 14 ലോക കാഴ്ച ദിനം

spot_img
spot_img

തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ വിവിധ പ്രശ്നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം.

സ്കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്ര രോഗ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. ഈ കോവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. അല്ലാത്ത സമയങ്ങളില്‍ ടിവിയും മൊബൈല്‍ ഫോണും കാണുന്നത് കുറയ്ക്കുന്നത് നന്നായിരിക്കും. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തുകയും വേണം. സണ്‍ ഗ്ലാസുകള്‍ ധരിക്കുന്നത് വഴി അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയും. സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും സ്കൂള്‍ പഠനത്തിനിടയ്ക്ക് എല്ലാവര്‍ഷവും കുട്ടികളുടെ കാഴ്ച പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. സ്വകാര്യ സ്കൂളുകളിലും കാഴ്ച പരിശോധന നടത്തേണ്ടതാണ്.

കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍ (refractive error), കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. കുട്ടികളുടെ കാഴ്ച്ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. അതിനാല്‍ എത്രയും വേഗം തന്നെ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments