വാഷിങ്ടണ്‍: ലോക ജനസംഖ്യയുടെ 85 ശതമാനത്തെയും കാലാവസ്ഥ വ്യതിയാനം ഇതിനകം ബാധിച്ചുകഴിഞ്ഞതായി കണ്ടെത്തല്‍. 1951 മുതല്‍ 2018 വരെ പുറത്തുവിട്ട പതിനായിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ അരിച്ചുപെറുക്കി ഗവേഷക സംഘമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.
മൊത്തം ജനസംഖ്യയുടെ 85 ശതമാനവും വസിക്കുന്ന 80 ശതമാനം മേഖലകളും കാലാവസ്ഥ വ്യതിയാനത്തിന്‍െറ പിടിയിലായതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ മര്‍ദം കുത്തനെ ഉയര്‍ന്നും മഴ കൂടിയും ഓരോ പ്രദേശവും വ്യത്യസ്ത രീതികളിലാണ് മാറിയ കാലാവസ്ഥയുടെ കെടുതികള്‍ അനുഭവിക്കുന്നത്.
സമ്പന്ന രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച് എണ്ണമറ്റ പഠനങ്ങള്‍ നടന്നപ്പോള്‍ ദുര്‍ബല രാജ്യങ്ങളില്‍ ഇത് നടക്കുന്നില്ല. ആഫ്രിക്കയില്‍ താപ, മഴ നിലകളിലെ വ്യത്യാസങ്ങളും ഇതിന്‍െറ ഭാഗമാണ്. നിലവില്‍, കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഏറ്റവും വലിയ ഇരകള്‍ വികസ്വര രാജ്യങ്ങളാണ്.
ഫോസില്‍ ഇന്ധനങ്ങളാണ് കാലാവസ്ഥയുടെ ഏറ്റവും വലിയ അന്തകനെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഈ വിഷയത്തില്‍ കാര്യമാത്ര മാറ്റം വരുത്താനായാല്‍ ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനാകും.