മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള മലങ്കര അസോസിയേഷന് അംഗങ്ങളായ വൈദീകരുടെയും വിശ്വാസി സമൂഹത്തിന്റേയും ആശംസകളും അനുമോദനങ്ങളും പ്രാര്‍ഥനകളും നേരുന്നു.
പരുമല സെമിനാരിയില്‍ നടന്ന സ്ഥാനാരോഹണശുശ്രൂഷകള്ക്ക് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായായ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികരായിരുന്നു.
സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് കാതോലിക്കാസ്ഥാനം ഏറ്റ പരിശുദ്ധ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഇവന് യോഗ്യന്‍ എന്നര്‍ഥമുള്ള ‘ഓക്സിയോസ്’ ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
ഒക്ടോബര്‍ 14 -നു പരുമല സെമിനാരിയില്‍ നടന്ന മലങ്കര അസോസിയേഷന് യോഗത്തില്‍ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വൈദീകരും അല്മായ പ്രധിനിധികളും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍, എല്ലാ പള്ളി പ്രതിനിധികളും ഒരേ സ്ഥലത്ത് ഒത്തുചേരാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, വിവിധഭദ്രാസനങ്ങളിലായി ഒരുക്കിയ 50 പ്രത്യേക കേന്ദ്രങ്ങളിലായി നാലായിരത്തില്‍ അധികം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തത്. മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ 30 ഭദ്രാസനങ്ങളില്‍ നിന്നുള്ള 1590 ഇടവകകളെ പ്രതിനിധീകരിക്കുന്നവരാണ് മലങ്കര അസോസിയേഷന് അംഗങ്ങള്‍.
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹൂസ്റ്റണ്‍, ഡാളസ,് ഷിക്കാഗോ, കാലിഫോര്‍ണിയ, ഫ്ളോറിഡ, അറ്റലാന്റ എന്നീ കേന്ദ്രങ്ങളിലായി പ്രത്യേകം ക്രമീകരിക്കപ്പെട്ട ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വൈദീകരും പ്രതിനിധികളും പങ്കെടുത്തു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വരണാധികാരിയായി നിയമിതനായിരുന്ന ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.