അപകടത്തില്‍ പെട്ട് കാട്ടില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയാനയെ അതിന്റെ അമ്മയുടെ സമീപമെത്തിച്ച ജീവനക്കാരോട് കുട്ടിയാന നടത്തിയ നന്ദി പ്രകടനം കൗതുകമാകുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ കാലില്‍ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിച്ചാണ് കുട്ടിയാന തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.
12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടിയാന അകപ്പെട്ടത്. ഒരുമാസം പ്രായമുള്ള കുട്ടിയാനയാണിത്. തമിഴ്‌നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്.
വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ അകപ്പെട്ടതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭസ്ഥലത്തു നിന്നു മടങ്ങിയിരുന്നു.
വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്‍കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ 7 ആനകളടങ്ങിയ ആനക്കൂട്ടത്തെ സമീപപ്രദേശത്തുനിന്നു കണ്ടെത്തിയത്. പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിക്കുകയായിരുന്നു.
ആനക്കൂട്ടത്തെ കണ്ടപ്പോഴായിരുന്നു ആനക്കുട്ടിയുടെ സ്‌നേഹപ്രകടനം. ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞ ആനക്കുട്ടി സംഘത്തിനൊപ്പം ചേര്‍ന്നതിനു ശേഷമാണ് വനപാലകര്‍ അവിടെനിന്നു മടങ്ങിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ ഹൃദ്യമായ ചിത്രം ഐഎഫ്എസ് ഓഫിസറായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.