വത്തിക്കാന്‍ സിറ്റി: തൊണ്ണൂറ്റിയഞ്ചാമത് ലോക മിഷന്‍ ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ ഏജന്‍സിയ ഫിഡസ് ആഗോള വിശ്വാസികളുടെ എണ്ണത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു.
134,44,03,000 ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു കോടി 50 ലക്ഷത്തിന് മുകളില്‍ വിശ്വാസികളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ 83 ലക്ഷത്തിന് മുകളില്‍ ആളുകള്‍ പുതിയതായി തിരുസഭയിലെ അംഗങ്ങളായി. ഏഷ്യയില്‍ 20 ലക്ഷത്തിനടുത്ത് ആളുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 17.74 ആണ് കത്തോലിക്കാ വിശ്വാസികളുടെ ആഗോളതലത്തിലെ ശതമാനക്കണക്ക്.
ആകെ 414, 336 വൈദികരാണ് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 271 വൈദികരുടെ വര്‍ധനവാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെര്‍മനന്റ് ഡീക്കന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. മേജര്‍ സെമിനാരി വിദ്യാര്‍ഥികളുടെ എണ്ണം ആഫ്രിക്കയില്‍ ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കത്തോലിക്കാ സന്യാസികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
എന്നാല്‍ ഏഷ്യയിലും, ആഫ്രിക്കയിലും സന്യാസിനികളുടെ എണ്ണം വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ അല്മായ മിഷ്ണറിമാരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ് വര്‍ദ്ധിച്ചത്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.