തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന സി.പി.എം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.
പാര്‍ട്ടി പരിപാടികളില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ജയചന്ദ്രനെ തല്കാലം മാറ്റിനിര്‍ത്തും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ വിക്രമന് കൂടി പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ജയചന്ദ്രനെതിരെ നടപടി തീരുമാനിച്ചത്. ഇന്ന് വൈകീട്ട് ചേരുന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ നടപടി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. ദത്ത് വിവാദം സംബന്ധിച്ച് അന്വേഷിക്കാന്‍ സി.പി.എം അന്വേഷണ കമീഷനെ നിയമിച്ചിട്ടുണ്ട്. ഈ കമീഷന്റെ റിപ്പോര്‍ട്ടിന് ശേഷമാകും തുടര്‍ നടപടി.
മകള്‍ അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ സംഭവത്തില്‍ ആരോപണം നേരിടുകയാണ് പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗമായ ജയചന്ദ്രന്. അനുപമ തന്നെ ജയചന്ദ്രനെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. നേരത്തെ അനുപമ നല്കിയ പരാതികളില്‍ നടപടി എടുക്കാതിരുന്ന പൊലീസടക്കം സംഭവം വിവാദമായതിന് ശേഷമാണ് കേസെടുക്കുക പോലും ചെയ്തത്.
ഡി.വൈ.എഫ്.ഐ നേതാവും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാന്റെ സഹായത്തോടെ അനധികൃതമായി, അവിവാഹിതയായ മകളുടെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണ് ജയചന്ദ്രനെതിരായ ആരോപണം. വിവാദത്തില്‍ ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃതവം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.