ഇരുന്നുറക്കം അകാല മരണത്തിന് കാരണമാകുമെന്ന് കണ്ടെത്തല്‍. ഡീപ് വെയ്ന്‍ ത്രോംബോസിസ് ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഇവരെ കാത്തിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇരുന്നോ നിന്നോ ഒക്കെ ഉറങ്ങുന്ന നിരവധി മൃഗങ്ങള്‍ ജന്തുലോകത്തിലുണ്ട്. എന്നാല്‍ മനുഷ്യശരീരത്തിന് ഈ ശീലം തീരെ അനുയോജ്യമല്ല. ഇരിക്കുന്ന അവസ്ഥയില്‍ ദീര്‍ഘനേരം തുടര്‍ന്നാല്‍ അത് മനുഷ്യരുടെ സന്ധികള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും അവ കഠിനമാക്കുകയും ചെയ്യും.
കിടന്നുറങ്ങുമ്പോള്‍ മനുഷ്യര്‍ക്ക് കൈകാലുകള്‍ നീട്ടാനും കിടപ്പിന്റെ സ്ഥാനം മാറ്റാനും സന്ധികള്‍ക്ക് അയവ് വരുത്താനുമൊക്കെ സാധിക്കുന്നതാണ്. എന്നാല്‍ ഇരുന്ന് ഉറങ്ങുമ്പോള്‍ ചലനങ്ങള്‍ നിയന്ത്രിക്കപ്പെടുമെന്നതിനാല്‍ അവ രക്തചംക്രമണത്തെ തന്നെ ദോഷകരമായി ബാധിക്കും.
ശരീരത്തിലെ ആഴത്തിലുള്ള ഞരമ്പുകളില്‍ പ്രത്യേകിച്ച് കാലുകളിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസാണ് ഇരുന്നുറങ്ങുന്നവര്‍ക്ക് അടുത്ത പടിയായി വരുക.
ഈ രോഗാവസ്ഥ കൃത്യസമയത്ത് കണ്ടെത്താതെയോ ചികിത്സിക്കാതെയോ ഇരുന്നാല്‍ അടിയന്തര സാഹചര്യത്തിലേക്കും മരണത്തിലേക്കു പോലും ഇത് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഞരമ്പുകളിലെ ക്ലോട്ട് ശ്വാസകോശത്തിലേക്കോ തലച്ചോറിലേക്കോ നീങ്ങുന്നത് ഇവയ്ക്ക് ക്ഷതമുണ്ടാക്കി അകാല മരണം വിളിച്ചു വരുത്താം.
ഉപ്പൂറ്റിക്കോ കാല്‍ പത്തിക്കോ പെട്ടെന്നുണ്ടാകുന്ന വേദന, കാലുകള്‍ക്ക് പിന്നിലുള്ള പേശികള്‍ക്കും ഉപ്പൂറ്റിക്കും കാല്‍ പത്തിക്കും ഉണ്ടാകുന്ന നീര്, തൊലിക്ക് ചുവപ്പ് നിറം എന്നിവയെല്ലാം ഡീപ് വെയ്ന്‍ ത്രോംബോസിസിന്റെ ലക്ഷണങ്ങളാണ്. ഇരുന്ന് ഉറങ്ങേണ്ട അവസരത്തില്‍ പിന്നിലേക്ക് ചാഞ്ഞിരുന്ന് കാലുകളൊക്കെ നീട്ടി വയ്ക്കാന്‍ കഴിയുന്ന റിക്ലൈനര്‍ ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.