കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെതെന്ന് ജോസ് കെ മാണി. ഇടതു മുന്നണിയുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയും ജോസ് കെ മാണി നല്കി. ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് കെ മാണി രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍, ഘടകക്ഷികളുടെ സീറ്റുകള്‍ സി.പി.എം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് എല്‍.ഡി.എഫിലെ ധാരണ എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി തന്നെ രംഗത്ത് എത്തുന്നത്.
എന്നാല്‍, ജോസ് കെ മാണി മത്സരിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പകരം സ്റ്റീഫന്‍ ജോര്‍ജ്ജിനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇതിലും ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന സൂചനയും ജോസ് കെ മാണി നല്‍കുന്നത്. നവംബര്‍ 29 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇത്് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഒന്‍പതിന് പുറത്തിറങ്ങും. 16 നാണ് പത്രിക സമര്‍പ്പണം.
ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. യു.ഡി.എഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് കെ മാണി രാജിവച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.