തിരുവല്ല: വര്‍ഗീയ പ്രചാരണവും ഒപ്പം മത വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്ന പരാതിയില്‍ നമോ ടി.വി ഉടമയും അവതാരകയും അറസ്റ്റില്‍. യൂടൂബ് ചാനലിന്റെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല പൊലീസിന് മുന്‍പാകെ കീഴടങ്ങിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും കീഴടങ്ങല്‍. സെപ്റ്റംബര്‍ 19നാണ് വിദ്വേഷ പ്രചാരണം നടത്തുന്നു എന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. വിഷയത്തില്‍ പൊലീസ് കേസെടുക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു സെപ്റ്റംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും തിരുവല്ല കോടതിയില്‍ ഹാജരാക്കും. തിരുവല്ല നഗരം കേന്ദ്രീകരിച്ചാണ് നമോ ടി.വി പ്രവര്‍ത്തിക്കുന്നത്.