ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കടുത്ത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പ്രതിസന്ധിയ്ക്കിടയിലും വിവിധ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലില്‍ 3 നിയമസഭ സീറ്റുകളില്‍ വിജയിച്ചു. ഒരു ലോക്‌സഭ സീറ്റും നേടി.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ പിടിച്ചെടുത്ത്ത് കൊണ്ട് രണ്ട് സീറ്റില്‍ വിജയം, മഹാരാഷ്ട്രയിലും കര്‍ണാകയിലും ഓരോ സീറ്റുകള്‍. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഈ വിജയങ്ങളിലൂടെ സാധിച്ചുവെന്നാണ് നേതൃത്വത്തിന്റെ ആശ്വാസം. ഒപ്പം 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തിരുന്നു. എം.പി ഉദിത് രാജ് ഉള്‍പ്പെടെയുള്ള ദളിത് നേതാക്കളായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക ദളിത് വോട്ടുകളാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രത്യേക യോഗം. ‘കോണ്‍ഗ്രസ് കാ ഹാത്ത് ആം ആദ്മി കേ സാത്ത്’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തിയ 2004ലേക്കുള്ള തിരിച്ചുപോക്കിനാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ ആഹ്വാനം ചെയ്തതത്രേ. ദളിത്, ഒബിസി വോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 59 ശതമാനം സവര്‍ണ വോട്ടുകളും 54 ശതമാനം ഒബിസി വോട്ടുകളും 46 ശതമാനം ആദിവാസി വോട്ടുകളും 41 ശതമാനം ദളിത് വോട്ടുകളുമായിരുന്നു നേടാന്‍ സാധിച്ചതെന്ന് നേരത്തേ ലോകനീതിസിഡിഎസ് സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുപിഎയ്ക്ക് മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ എന്‍ഡിഎയേക്കാള്‍ കൂടുതല്‍ ദളിത് വോട്ടുകള്‍ നേടാന് സാധിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
അതിനാല്‍ ദളിതകര്‍ക്കും ഒബിസി വിഭാഗക്കാര്‍ക്കും ഒപ്പം നിന്നാല്‍ പല സംസ്ഥാനങ്ങളിലും അട്ടിമറി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍.സാധ്യമാകുന്നിടത്തെല്ലാം പഞ്ചാബിലേത് പോലെ ദളിത് മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസില്‍ തിരുമാനമായിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ഏക ദളിത് മുഖ്യമന്ത്രിയാണ് ചന്നി.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ചേക്കും. നേരത്തേ ബിജെപിയിലേക്ക് ചേക്കേറിയ ദളിത് വിഭാഗത്തില്‍ നിന്നുള്ള യശ്പാല്‍ ആര്യ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ തിരിച്ചുവരവിന് ത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പ്രതികരിച്ചു.
ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിക്കാനുള്ള തിരുമാനം കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഗുണം ചെയ്യും. അതാണ് പാര്‍ട്ടി നിലപാടെങ്കില്‍ താന്‍ അതിന് എതിര് നില്‍ക്കില്ല. പാര്‍ട്ടിക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും താന്‍ തയ്യാറാണ്, ഹരീഷ് റാവത്ത് പറഞ്ഞു. മോദിയുടെ തട്ടകമായ ഗുജറാത്തിലും ഇത്തവണ ദളിത് കാര്‍ഡ് കോണ്‍ഗ്രസ് ഇറക്കിയേക്കും.
എം.എല്‍.എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്‌നേഷ് മേവാനി ഇവിടെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ സുപ്രധാന പദവികള്‍ നല്‍കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.