തിരുവനന്തപുരത്ത് ആദ്യത്തെ വിമാനമിറങ്ങുന്നത് 1935 ഒക്ടോബര്‍ 29-ാം തീയതി വൈകിട്ട് 4.30 നാണ്. മുംബൈയില്‍നിന്നെത്തിയ ടാറ്റാ എയര്‍ലൈന്‍സിന്റെ ഡി.എച്ച്. 83 ഫോക്‌സ്‌മോത്ത് വിമാനമാണ് അനന്തപുരിയിലെ റണ്‍വേയില്‍ ആദ്യമായി സ്പര്‍ശിച്ചത്. നെവില്‍ വിന്‍സെന്റായിരുന്നു പൈലറ്റ്.
ടാറ്റ കമ്പനി ഉദ്യോഗസ്ഥനായ ജാംഷെഡ് നവറോജി, തിരുവിതാംകൂര്‍-ബോംബൈ പ്രസിഡന്‍സി ഏജന്റ് ആയ കാഞ്ചി ദ്വാരകദാസ്, എന്നിവരായിരുന്നു ആദ്യ വിമാനത്തില്‍. ബ്രിട്ടിഷ് വൈസ്രോയി വെല്ലിംഗ്ടന്‍ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായിട്ടാണ് ആദ്യ ഫ്‌ലൈറ്റ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ചരിത്രം. 1935 നവംബര്‍ ഒന്നിന് തിരുവനന്തപുരത്തു നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. തിരുവിതാംകൂറില്‍ നിന്നുള്ള കത്തുകളായിരുന്നു മുംബൈയ്ക്കുള്ള ആ വിമാനത്തില്‍.
ടാറ്റാ സണ്‍സ് ലിമിറ്റഡ് അതിനു മുമ്പ് തന്നെ ഇന്ത്യയിലെങ്ങും ആഴ്ചതോറും തപാല്‍ വിമാന സര്‍വീസു നടത്താന്‍ ഇന്ത്യാ സര്‍ക്കാരുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അതുപ്രകാരം കറാച്ചി, അഹമ്മദാബാദ്, ബോംബെ, ബെല്ലാരി, മദ്രാസ് തുടങ്ങിയ പല നഗരങ്ങളുമായി ആഴ്ചതോറുമുള്ള എയര്‍മെയില്‍ സര്‍വീസുകള്‍ അവര്‍ വിജയകരമായി നടത്തുകയായിരുന്നു. ഇതാണ് തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രചോദനമായത്.
തിരുവനന്തപുരവും ബോംബെയുമായി ബന്ധിപ്പിക്കുന്ന എയര്‍ മെയില്‍ സര്‍വീസായിരുന്നു ഇത്. ആ ടാറ്റാ എയര്‍ സര്‍വ്വീസാണ് പിന്നീട് ടാറ്റാ എയര്‍ ലൈന്‍സും എയര്‍ ഇന്ത്യയുമായത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 150 രൂപയും കണ്ണൂരിലേക്ക് 135 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. കണ്ണൂര്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രധാന സ്‌റ്റോപ്പായിരുന്നില്ലെങ്കിലും ഇന്ധനം നിറയ്ക്കാനാണ് ഇവിടെയിറങ്ങിയിരുന്നത്. നഷ്ടത്തിലായതിനാല്‍ വിമാനസര്‍വീസ് അധികകാലം തുടര്‍ന്നില്ല.
1946 ല്‍ അന്നത്തെ ബോംബെയിലേക്കും മദ്രാസിലേക്കും ആഭ്യന്തര സര്‍വീസ് തുടങ്ങി. 1967ല്‍ രാജ്യാന്തര സര്‍വീസ് ആരംഭിച്ചു. 1977ല്‍ ദുബായിലേക്കുള്ള ആദ്യസര്‍വീസ്. 1991ഏപ്രില്‍ ഒന്നിന് സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമെന്ന പദവി. 2000ത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി. 2011ല്‍ ചാക്കയില്‍ 300 കോടി മുടക്കി പുതിയ രാജ്യാന്തര ടെര്‍മിനല്‍ നിര്‍മിച്ചു.
13 ലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കായിക കേരളത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേണല്‍ ഗോദവര്‍മ്മ രാജ ചാക്കയില്‍ തുടങ്ങിയ ഫ്‌ലൈയിങ് ക്ലബ്ബാണ് പിന്നീട് വിമാനത്താവളത്തിന് പ്രേരകമായത്. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാളിന്റെ ശ്രമഫലമായാണ് തിരുവനന്തപുരത്ത് വിമാനത്താവളം നിര്‍മിച്ചത്. ഇടയ്ക്ക് കഴക്കൂട്ടത്ത് വിമാനത്താവളം നിര്‍മിക്കാന്‍ ആലോചിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചു. ശംഖുമുഖം ഭാഗത്തെ നിരവധി കല്‍മണ്ഡപങ്ങളും കൊട്ടാരങ്ങളും പൊളിച്ചശേഷമായിരുന്നു അന്നു വിമാനത്താവളത്തിന്റെ നിര്‍മാണം.
1946ല്‍ അന്നത്തെ ബോംബെയിലേക്കും മദ്രാസിലേക്കും ആഭ്യന്തര സര്‍വീസ് തുടങ്ങി. 1967ല്‍ രാജ്യാന്തര സര്‍വീസ് ആരംഭിച്ചു. 1977ല്‍ ദുബായിലേക്കുള്ള ആദ്യസര്‍വീസ്.1991 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമെന്ന പദവി ലഭിച്ചു.
മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ വെച്ചാണ് ചരിത്രപരമായ ആ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് പന്ത്രണ്ട് വര്‍ഷക്കാലത്തോളമെടുത്താണ് വിമാനത്താവളം ഇന്ന് കാണുന്ന നിലയിലായത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിമാനത്താവള വികസനം വീണ്ടും സാധ്യമായി. ഇക്കാലത്താണ് കേരളത്തിന് ഒരു പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അനുവദിച്ചുകിട്ടിയത്.
2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറി. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിനായി ചാക്കയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് 290 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു എയര്‍ ഇന്ത്യയുടെ ഒരു ഹാംഗര്‍ യൂണിറ്റും ചാക്കയില്‍ സ്ഥാപിച്ചു.
പിന്നീട് ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011 ല്‍ ചാക്കയിലേക്ക് മാറ്റി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി രണ്ടുവട്ടം സ്വന്തമാക്കിയ വിമാനത്താവളമാണിത്.
ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പിന് 2019 ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡറില്‍ തിരുവനന്തപുരത്തിനായി സംസ്ഥാന സര്‍ക്കാരും പങ്കെടുത്തെങ്കിലും കരാര്‍ അദാനി ഗ്രൂപ്പ് നേടുകയായിരുന്നു. അദാനി ഗ്രൂപ്പ് എറ്റെടുത്താലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തുടരും. കരാറിലൂടെ മറ്റു കാര്യങ്ങളില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് അദാനി ഗ്രൂപ്പിനു ലഭിക്കുന്നത്
2021 ഒക്ടോബര്‍14 ന് വിമാനത്താവളം എയര്‍പോര്‍ട്ട് അതോറ്റിറ്റ് ഓഫ് ഇന്ത്യയില്‍(എ.എ.ഐ) നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ജനുവരി 19 നാണ് എഎഐയുമായി അദാനി ഗ്രൂപ്പ് 50 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടത്. ഇതുപ്രകാരം ഓരോ യാത്രക്കാരനും 168 രൂപ വീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എ–ടിയാല്‍) നല്‍കും.