ഷാജി രാമപുരം
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ ഭാവി തലമുറക്ക് ദൈവശാസ്ത്ര ദർശനം പകരുക എന്ന ലക്ഷ്യത്തോടെ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്റർ മാർത്തോമ്മാ കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.
മാർത്തോമ്മാ കുടുംബസംഗമത്തോടെ അനുബന്ധിച്ച് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്ന് പങ്കെടുത്ത അനേകരുടെയും സെന്റർ ഫാക്കൽറ്റി അംഗങ്ങളുടെയും നിറസാന്നിധ്യത്തിൽ ആണ് കൊളംബിയ തീയോളജിക്കൽ സെമിനാരിയുമായി പങ്കാളിത്വമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്.
ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ സപ്തതി ഉപഹാരമായി തുടക്കം കുറിച്ച ഇൻസ്റ്റിറ്റ്യുട്ടിന്റെ കോർഡിനേറ്ററും, ഫാക്കൽറ്റിയുടെ പ്രധാന ചുമതലയും വഹിക്കുന്നത് ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ലൂഥറൻ സ്കൂൾ ഓഫ് തീയോളജിയിൽ നിന്ന് പിഎച്ച്ഡി നേടിയ മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി മുൻ പ്രൊഫസറും, മുൻ മാർത്തോമ്മാ സഭാ സെക്രട്ടറിയും, മുൻ ബാംഗ്ളൂർ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും സീനിയർ വികാരി ജനറാളും ആയ വെരി.റവ.ഡോ. ചെറിയാൻ തോമസ് ആണ്.
ഡോ.ജോഷി ജേക്കബ് (സയന്റിസ്റ്റ് ആൻഡ് പ്രൊഫസർ, എമോറി യൂണിവേഴ്സിറ്റി), ഡോ. സുരേഷ് മാത്യു (ചെയർ ആൻഡ് പ്രൊഫസർ, സാംഫോർഡ് യൂണിവേഴ്സിറ്റി), ഡോ. രാജ് നഡെല്ലാ (അസ്സോസിയേറ്റ് പ്രൊഫസർ, കൊളംബിയ തിയോളജിക്കൽ സെമിനാരി) എന്നിവരാണ് സ്ഥാപനത്തിന്റെ പ്രധാന ഫാക്കൽറ്റി. അമേരിക്കയിൽ ജനിച്ചു വളർന്ന എൻജിനീയറിംഗ് ബിരുദധാരി കൂടിയായ റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ആണ് ലയ്സൺ ഓഫീസർ.
2021 ജനുവരി മുതൽ വിവിധ ഓൺലൈൻ കോഴ്‌സുകളാണ് പ്രാരംഭമായി ഈ സ്ഥാപനത്തിൽ ആരംഭിക്കുകയെന്ന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ അറിയിച്ചു. ഡൽഹി – മുംബൈ ഭദ്രാസനാധിപൻ ആയിരിക്കുമ്പോൾ ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഫരീദാബാദിൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി തുടക്കം കുറിച്ച സ്ഥാപനമാണ് ഇന്ന് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള ഉന്നത തിയോളജിക്കൽ സെമിനാരിയായ ധർമ്മ ജ്യോതി വിദ്യാപീഠം.
അറ്റ്ലാന്റായിൽ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യൻ ഡോളർ ചിലവഴിച്ച് വാങ്ങിയ കർമ്മേൽ മാർത്തോമ്മ സെന്റർ എന്ന് നാമകരണം ചെയ്യപ്പെട്ട ഭദ്രാസന മിഷൻ ആസ്ഥാനം 2018 ഡിസംബർ 29 ന് മാർത്തോമ്മ സഭയുടെ മുൻ പരമാധ്യക്ഷൻ കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ വിശ്വാസ സമൂഹത്തിനായി കൂദാശ ചെയ്ത് സമർപ്പിച്ചത്.
ഭാവിയിൽ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിലെ ഒരു തിയോളജിക്കൽ സെമിനാരിയായി ഉയർത്തുക എന്നതാണ് ഇപ്പോൾ തുടക്കംകുറിക്കുന്ന ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇതിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.