കൊച്ചി: സിനിമാ ലൊക്കേഷനിലേക്ക് വീണ്ടും പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എറണാകുളം പുത്തന്‍കുരിശിലാണ് സംഭവം. ശ്രീനിവാസന്‍ നായകനായ ‘കീടം’ എന്ന സിനിമയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസിന്റെ ജനകീയ പോരാട്ടങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ നടപടികളെയും എതിര്‍ക്കും എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രിഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലുളള സൈറ്റിലേക്കായിരുന്നു മാര്‍ച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതിനിടെ നടന്‍ ജോജുവിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയും ചെയ്തു.
കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ആരംഭിച്ചത്. സിനിമാ ചിത്രീകരണം പൊതുജനങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം.