കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് മരട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
സംഭവത്തില്‍ എറണാകുളം മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് സബ് ജയിലിലേയ്ക്ക് മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഷാജഹാന്‍ കീഴടങ്ങാന്‍ വൈകിയതെന്നാണ് പോലീസിന് നല്‍കിയ വിശദീകരണം.
പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ഷാജഹാനും അരുണും ഫോണ്‍ ഓഫ് ചെയ്ത് ജില്ല വിട്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഇടുക്കി ജില്ലയിലാണ് ഇവര്‍ ഒളിച്ചു താമസിച്ചിരുന്നത്. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
വാഹനം തല്ലിതകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പ്രതികളെ ഇതിനു മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.