Wednesday, March 12, 2025

HomeMain Storyക്ഷേത്ര ജോലിക്ക് അടിമപ്പണി: യുഎസില്‍ സംഘടനക്കെതിരെ പരാതി

ക്ഷേത്ര ജോലിക്ക് അടിമപ്പണി: യുഎസില്‍ സംഘടനക്കെതിരെ പരാതി

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള നൂറ് കണക്കിന് തൊഴിലാളികളെ യു.എസിലെ വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്ര നിര്‍മാണങ്ങളില്‍ ഏറ്റവും കുറഞ്ഞ കൂലിക്ക് നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നതായി പരാതി. ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത എന്ന സംഘടനയ്ക്ക് എതിരേയാണ് പരാതി. മനുഷ്യക്കടത്തു നടത്തിയെന്നും വേതന നിയമങ്ങള്‍ ലംഘിച്ചെന്നും കാട്ടി സംഘടനക്കെതിരെ ഒരു കൂട്ടം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ന്യൂജഴ്‌സിയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ പണികള്‍ കേവലം ഒരു ഡോളറിന് ചെയ്യാന്‍ നിര്‍ബന്ധിതരായി എന്ന് തൊഴിലാളികള്‍ പറയുന്നു. അറ്റ്‌ലാന്റ, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മാണത്തിലും അടിമപ്പണി നടക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂജഴ്സിയിലെ റോബിന്‍സ്വില്ലില്‍ അവര്‍ക്ക് പ്രതിമാസം 450 ഡോളര്‍ മാത്രമാണ് കൂലി നല്‍കുന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പല നിര്‍മാണ കേന്ദ്രങ്ങളിലും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ പോലുമില്ല. അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍ പണിയെടുക്കുന്നത്. 2018 മുതലാണ് സംഘടന ക്ഷേത്ര നിര്‍മാണങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് യു.എസിലേക്ക് മനുഷ്യക്കടത്ത് തുടങ്ങിയത്. ഇതിനകം 200ലധികം പേരെ അവിടെ എത്തിച്ചിട്ടുണ്ട്.

റോബിന്‍സ്വില്ലിലുള്ള സ്വാമിനാരായണ ക്ഷേത്രം യു.എസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. നിര്‍ബന്ധിത തൊഴില്‍, നിര്‍ബന്ധിത ജോലിയുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത്, അടിമ ജോലി, ഗൂഢാലോചന, വിദേശ തൊഴില്‍ കരാറില്‍ വഞ്ചനയില്‍ ഏര്‍പ്പെടാനുള്ള ഉദ്ദേശ്യത്തോടെ കുടിയേറ്റ രേഖകള്‍ നിര്‍മിക്കല്‍ല്‍, മിനിമം വേതനം നല്‍കാത്തത് എന്നിവ ഉള്‍പ്പെടുത്തിയാണ് സംഘടനക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് മണിക്കൂറിന് 1.2 ഡോളര്‍ വേതനം മാത്രമാണ് നല്‍കുന്നതെന്ന് ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ എന്ന സംഘടന പറയുന്നു. യു.എസ് ഫെഡറല്‍ അനുശാസിക്കുന്ന മിനിമം വേതനമായ മണിക്കൂറില്‍ 7.25 ഡോളറിലും വളരെ താഴെയാണിത്.

മാത്രമല്ല, ട്രയിലറുകളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ഏകദേശം 13 മണിക്കൂര്‍ ജോലി ചെയ്തു. വലിയ കല്ലുകള്‍ ഉയര്‍ത്തുക, ക്രെയിനുകള്‍, മറ്റ് ഭാരമേറിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, റോഡുകളും ആഴമേറിയ അഴുക്കുചാലുകളും നിര്‍മ്മിക്കുക, കിടങ്ങുകള്‍ കുഴിക്കുക, മഞ്ഞ് കളയുക എന്നീ പണികളാണ് എടുത്തിരുന്നത് -ഒരു തൊഴിലാളി പറയുന്നു. 50 ഡോളര്‍ തൊഴിലാളികളുടെ കൈവശം പണമായി നല്‍കുകയും ബാക്കി 400 ഡോളര്‍ നാട്ടിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്.

എന്നാല്‍, ഈ ആരാപണങ്ങള്‍ പച്ചക്കള്ളമെന്ന് ബി.എ.പി.എസ് വക്താവ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments