തിരുവനന്തപുരം: റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനം. മരക്കാര്‍ തിയറ്ററുകളില്‍ തന്നെ എത്തുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 2ന് ആണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.
ഷാജി എന്‍ കരുണ്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും നിര്‍മ്മാതാവുമായ ജി സുരേഷ് കുമാര്‍, ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ എന്നിവരാണ് മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ഒരു ഉപാധിയും ഇല്ലാതെ എല്ലാ തിയറ്ററുകളിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കാനാണ് നിലവിലെ തീരുമാനം എന്ന് മന്ത്രി വ്യക്തമാക്കി.
നിര്‍മ്മാതാക്കളുടെ സംഘടനയും മോഹന്‍ലാലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ആത്മാര്‍ത്ഥമായ ശ്രമങ്ങളോട് സഹകരിച്ചു. സിനിമ എന്ത് ചെയ്യണമെന്നത് അതിന് വേണ്ടി പണം ചെലവാക്കുന്ന നിര്‍മ്മാതാവാണ് തീരുമാനിക്കുക. പക്ഷേ സര്‍ക്കാരിനും വലിയ നഷ്ടം സംഭവിക്കും. മറ്റ് പ്രധാനപ്പെട്ട താരങ്ങളും അഭിനയിക്കുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന ഒരു ട്രെന്‍ഡ് വന്നാല്‍ അത് സിനിമാ വ്യവസായത്തെ ബാധിക്കും.
എല്ലാവരേയും ഒരുമിപ്പിക്കുക എന്നുളള സമീപനം ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് വിജയം കണ്ടു. തിയറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് വിളിച്ച യോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടക്കമുളളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
സിനിമാ ടിക്കറ്റിനുളള വിനോദ നികുതി ഒഴിവാക്കി നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിനോദ നികുതി ഈടാക്കില്ല. തിയറ്ററുകള്‍ അടഞ്ഞ് കിടന്നിരുന്ന കാലത്തെ ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനം ഇളവ് നല്‍കും. ബാക്കി തുക 6 തവണകളായി അടച്ചാല്‍ മതിയാകും. ഇക്കാലത്തെ കെട്ടിട നികുതി പൂര്‍ണമായും ഒഴിവാക്കും. തിയറ്റര്‍ ഉടമകള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അതിനായി അപേക്ഷ നല്‍കണം.