Friday, January 10, 2025

HomeMain Storyവൃശ്ചികം പിറന്നു... ഇത് ശരണമന്ത്ര ഘോഷങ്ങളോടെ മണ്ഡല ഉല്‍സവ കാലം...

വൃശ്ചികം പിറന്നു… ഇത് ശരണമന്ത്ര ഘോഷങ്ങളോടെ മണ്ഡല ഉല്‍സവ കാലം…

spot_img
spot_img

അനില്‍ സിന്ദൂരം

ശബരിമല ഭക്തനിലേയ്ക്ക് പകരുന്ന ഉപനിഷദ് വാക്യമാണ് ‘തത്വമസി’. പതിനെട്ടാം പടി കയറി ഭഗവാനെ തിരയുന്നവരിലേയ്ക്ക് അതിന്റെ തത്വമെത്തും. അത് നീ തന്നെയാകുന്നു. ‘തത്…ത്വം…അസി…’ ഭഗവാനും ഭക്തനും ഒന്നുതന്നെയെന്ന അദൈ്വദ സിദ്ധാന്തത്തിന്റെ തിരിച്ചരിവാണ് ഓരോരുത്തരും നേടുന്നത്. അങ്ങനെ ആ സന്നിധിയില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ‘സ്വാമി’യാകുന്നു…

ഭക്തകോടികള്‍ തങ്ങളുടെ മനസും ശരീരവും ചിന്തയുമെല്ലാം ശബരിമല ധര്‍മശാസ്താവില്‍ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡല-മകരവിളക്ക് മഹോല്‍സവകാലത്തിന് ശുഭാരംഭം കുറിക്കുകയാണ്. വൃശ്ചികം ഒന്നിന് (നവംബര്‍ 16) മണ്ഡലകാലം ആരംഭിക്കുന്നു. തുടര്‍ന്നുള്ള 41-ാം ദിവസം (ഡിസംബര്‍ 26-ധനു 11) മണ്ഡല പൂജ നടക്കും. ജനുവരി 11-ാം തീയതിയാണ് എരുമേലി പേട്ടതുള്ളല്‍. ജനുവരി 14-ാം തീയതിയാണ് ഭക്തര്‍ക്ക് സായൂജ്യമേകുന്ന മകരസംക്രമ പൂജയും പൊന്നമ്പലമേട്ടിലെ പുണ്യപ്രകാശമായ മകരവിളക്ക് ദര്‍ശനവും. ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന വൃതവിശുദ്ധിയുടെ പുണ്യദിനരാത്രങ്ങള്‍ വീണ്ടും വരവായി…

”സ്വാമിയേ…ശരണമയ്യപ്പ…”

മണ്ഡല-മകരവിളക്ക് ഉല്‍സവ കാലത്ത് അന്തരീക്ഷത്തില്‍ മാറ്റൊലികൊള്ളുന്ന അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞ വിളിയാണിത്. ശരണം വിളിക്ക് ചില രഹസ്യങ്ങളുണ്ട്. അതെന്താണെന്ന് പരിശോധിക്കാം. ശരണം വിളി ബൗദ്ധ സ്വാധീനം കൊണ്ടുണ്ടായതാണെന്നൊരഭിപ്രായമുണ്ട്. ഇത് ശരിയല്ല. കാരണം, ഋഗ്വേദത്തില്‍ പലഭാഗത്തും ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനായി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഈശ്വരനില്‍ ശരണം പ്രാപിക്കാനുള്ള നിതാന്ത വ്യഗ്രത ഒരു ഭക്തന്റെ ഉള്ളില്‍ വേണമത്രേ.

അപ്പോള്‍ ഭക്തര്‍ ശരണം വിളിക്കുന്നതിലൂടെ എന്താണ് നേടുക എന്ന ചോദ്യം പ്രസക്തം. നമ്മുടെ ശരീര സംബന്ധിയായ ഓരോ തത്ത്വങ്ങള്‍ക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകള്‍ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തില്‍ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. അപ്പോള്‍ നാക്കില്‍ എന്താണ് ഇരിക്കുന്നത്…? നാക്കിലുള്ളത് അഗ്‌നിയാണ്.

അതുകൊണ്ട് കലിയുഗത്തില്‍ നാമജപമാണ് ഏറ്റവും വലിയതെന്ന് പറയാറുണ്ട്. നാമം ജപിക്കുക എന്നു പറയുമ്പോള്‍ നാവില്‍ അഗ്‌നി ഉണ്ടാകും, വാക്ക് അഗ്‌നിയാണ്, അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ചേ പ്രയോഗിക്കാവൂ. മാത്രവുമല്ല, മനസുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് വാക്കാണ്. മനസിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാവില്‍നിന്നാണ്. അഗ്‌നിശുദ്ധി വരുത്തിയ നാവായിരിക്കണം മാലയിട്ട് വൃതമെടുക്കുന്ന അയ്യപ്പന്മാര്‍ക്കുണ്ടാകേണ്ടത്.

നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ നിറം നമ്മുടെ മനസിനെ സ്വാധീനിക്കുമെന്ന് വര്‍ണ ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാലയിട്ട് വ്രതാരംഭം മുതല്‍ അയ്യപ്പന്‍മാര്‍ കറുപ്പ് അല്ലെങ്കില്‍ നീല നിറത്തോടുകൂടിയ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ അണിയുന്നത് എന്നറിയേണ്ടതുണ്ട്. അഗ്‌നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്‌നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലെത്തുകയുണ്ടായി.

അഗ്‌നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പ ഭക്തന്‍ ശബരിമല യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്‌നിവര്‍ണമായ കറുപ്പ് അണിയുന്നു. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. പതിനെട്ടാംപടി ചവുട്ടി അയ്യപ്പ സന്നിധിയിലെത്തുന്നവര്‍ ക്ഷേത്രത്തിനു മുമ്പില്‍ ‘തത്ത്വമസി’ എന്ന് എഴുതിവച്ചിരിക്കുന്നത് കാണാതെ പോകില്ല. ‘അത് (പരമാത്മാവ്) നീയാകുന്നു’ എന്നാണ് തത്ത്വമസിയുടെ അര്‍ത്ഥം.

കാളിദാസന്‍ എന്ന സാധാരണക്കാരനായ ഒരാള്‍ ‘കാളിദാസന്‍’ എന്ന മഹാനായ ഒരു കവിയായി തീര്‍ന്നപ്പോള്‍ ആ കവിത്വത്തിന്റെ ഉള്ളില്‍ തിളങ്ങിയിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്‌നിവര്‍ണമായ കറുപ്പ് ധരിക്കുന്നതിലൂടെ താന്‍ സ്വയം അഗ്‌നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്‌നേയ തത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്‌നി തത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍പ്പോലും അഗ്‌നി സ്വന്തമാക്കി മാറ്റുന്നു.
നമ്മുടെ ഉള്ളില്‍ അഗ്‌നി തത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരിക തലങ്ങളില്‍ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്ര ധാരണത്തിലൂടെ അഗ്‌നി തത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം.

ഒരു ഭക്തന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാര തലത്തിലെന്ന പോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.

ശാസ്താവ് എന്ന ദൈവസങ്കല്‍പത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണല്ലോ. ഇത് ഉരിത്തിരിഞ്ഞു വന്നതെങ്ങനെയാണെന്ന് ഇന്നും വ്യക്തമല്ല. പലരും കരുതുന്നതു പോലെ തികച്ചും കേരളീയമായ ഒന്നല്ല ശാസ്താവ് എന്ന സങ്കല്‍പം. ക്ഷത്രിയന്മാരുടെ ദൈവമാണ് ശാസ്താവ്. യുദ്ധശക്തിയിലൂടെ ഭൂമിയെ രക്ഷിക്കാന്‍ നിയുക്തരായ ക്ഷത്രിയര്‍ക്ക് ശക്തിയുടെ പ്രതീകമാണ് ശാസ്താവ്. ശക്തിപ്രകടനത്തിന് രൂപം നല്‍കിയതാണ് ശാസ്താവിഗ്രഹം.

സിന്ധു നദീതട പ്രദേശത്തുനിന്നും പരശുരാമനാണ് ശാസ്താവിഗ്രഹം കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരുമായി അടുത്തുനില്‍ക്കുന്ന ക്ഷത്രിയന്മാര്‍ ബ്രാഹ്മണര്‍ അവരുടെ കുലദൈവമായ ശിവനെ ഏറ്റവും ഉയരമുള്ള ഹിമാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അനുകരിച്ചായിരിക്കണം ശാസ്താവിനെ, ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള പശ്ചിമഘട്ടമലനിരയില്‍ പ്രതിഷ്ഠിച്ചത്.

ശാസ്താവിന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയില്‍ ശാസ്താ വിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുര്‍ഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതില്‍ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു. കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാര്‍ അച്ഛനെന്നാണ് വിളിച്ചിരുന്നത്.
അതുകൊണ്ടാവാം ഈ നദിക്ക് അച്ചന്‍കോവില്‍ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നാവാം അയ്യപ്പന്‍ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തില്‍ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവില്‍ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്.

വാവരുടെ കഥ നമ്മെ മത സൗഹാര്‍ത്തിന്റെ വിശാലതയിലേയ്ക്കാണ് കൊണ്ടുപോകുന്നത്. അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മത മൈത്രിയുടെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പ ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു.

പുലിപ്പാലിന് പോയ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവര്‍ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതല്‍. മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു.

ശാസ്താവിന്റെ അംഗരക്ഷകനായി വാവര്‍ക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവര്‍ പള്ളിയുണ്ട്.

സ്വാമി ശരണം…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments