ജറൂസലം: ഇസ്രായേലില്‍ വര്‍ഷം തോറും നടക്കാറുള്ള മിസ് ഹോളോകോസ്റ്റ് സര്‍വൈവര്‍ സൗന്ദര്യമത്സരത്തില്‍ 86-കാരി സാലിന സ്റ്റീന്‍ഫെല്‍ഡ് കിരീടം ചൂടി. 70നും 90നുമിടയില്‍ പ്രായമുള്ള 10 മുത്തശ്ശിമാര്‍ പങ്കെടുത്ത മത്സരം ജറൂസലമിലെ മ്യൂസിയത്തിലാണ് നടന്നത്. 86 വയസ്സുള്ള സാലിന സ്റ്റീന്‍ഫെല്‍ഡ് നാലു കൊച്ചുമക്കളുടെ മുത്തശ്ശി കൂടിയാണ്.
നാസി പീഡനം അതിജീവിച്ചവര്‍ക്കുള്ള മത്സരമാണ് മിസ് ഹോളോകോസ്റ്റ് സര്‍വൈവര്‍. റുമേനിയ ആണ് സാലിനയുടെ ജന്മദേശം. 1948ലാണ് ഇസ്രായേലിലെത്തിയത്.
നാസി ക്രൂരതകളുടെ ജീവിക്കുന്ന ഇരയാണവര്‍. രണ്ട് മക്കളും നാല് കൊച്ചുമക്കളും അവരുടെ മക്കളുമായി വലിയ കുടുംബമായി കഴിയുന്ന തനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല-മത്സരാര്‍ഥിയായ കുക പാല്‍മോന്‍ പറഞ്ഞു.

നാസികളുടെ ക്രൂരപീഡനത്തിന് ഇരയായി മരിച്ച 60 ലക്ഷം ജൂതന്മാരുടെ ഓര്‍മകളെ വിലകുറച്ച് കാണിക്കുന്നതായിരുന്നു മത്സരമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയ ഈ സ്ത്രീകളില്‍ എത്രമാത്രം സൗന്ദര്യമുണ്ടെന്ന് എല്ലാവരും അറിയണമെന്ന് മത്സരാര്‍ഥിയായിരുന്ന റിവ്കയുടെ കൊച്ചുമകള്‍ ഡാനാ പാപോ പറഞ്ഞു.
അവരെ ഞങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നെന്നും പ്രോത്സാഹിപ്പിക്കുന്നെന്നും കാണിച്ചുകൊടുക്കണം. അവരോട് നന്ദി പറയുന്നു. ഞങ്ങള്‍ക്കൊരുഭാവിയുണ്ട്, ഒരു രാജ്യവും-അവര്‍ കൂട്ടിച്ചേര്‍ത്തു. റാബ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങള്‍ അതിജീവിച്ച സ്ത്രീയും മത്സരത്തിനുണ്ടായിരുന്നു.