ആസാദ് ജയന്‍
കൈക്കരുത്തിന്റെ താളം, ചടുലമായ നീക്കങ്ങൾ, ബ്ലോക്കുകൾ, തകർപ്പൻ സ്മാഷുകൾ … നയാഗ്ര മലയാളികൾക്ക് കഴിഞ്ഞു പോയത് ആവേശത്തിന്റെയും ആഘോഷത്തിൻെറയും ദിനം. നയാഗ്ര മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച എൻഎംഎസ് എവർ റോളിംഗ് ട്രോഫി രാജ്യാന്തര വോളിബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി. ടൂർണമെന്റിൽ ആദ്യ കപ്പു നേടിയത് ടോറോന്റോയുടെ ടീം യുണൈറ്റഡ് ആണ്.
എ, ബി പൂളുകളിൽ ആയി ആകെ 8 ടീമുകൾ ആണ് മത്സരത്തിന് ഉണ്ടായിരുന്നത്. ആദ്യ പൂളിൽ ബ്രാംപ്ടണിൽ നിന്നുള്ള ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സ് ന്യൂയോർക്കിൽ നിന്നുള്ള ഡിഎൻവൈ സ്‌ട്രൈക്കേഴ്‌സ് ലണ്ടനിൽ നിന്നുള്ള ഫാൽക്കൻസ് ഓഫ് ലണ്ടൻ ടോറോന്റോയിൽ നിന്നുള്ള ടീം യുണൈറ്റഡ് എന്നീ ടീമുകളും പൂൾ ബിയിൽ ഷിക്കാഗോയിൽ നിന്നുള്ള കൈരളി ലയൺസ് എഡ്മൺടോണിൽ നിന്നുള്ള MASC എഡ്‌മന്റോൺ സ്‌പൈക്കേഴ്‌സ് ന്യൂയോർക്കിൽ നിന്നുള്ള NYMSC ന്യൂയോർക് നയാഗ്രയുടെ ഹോം ടീമായ എൻഎംഎസ് ബ്ലാസ്റ്റേഴ്‌സ് എന്നിവരാണ് മത്സരിച്ചത്.
ഒന്നാം സെമിയിൽ ന്യൂയോർക്കിന്റെ ഡിഎൻവൈ സ്‌ട്രൈക്കേഴ്‌സ് നയാഗ്രയുടെ എൻഎംഎസ് ബ്ലാസ്റ്റേഴ്സനെയും രണ്ടാം സെമിയിൽ ഷിക്കാഗോയുടെ കൈരളി ലയൺസ് ടോറോന്റോയുടെ ടീം യുനൈറ്റഡിനെയും നേരിട്ടു.
സെമിയിൽ ജേതാക്കളായ ഡിഎൻവൈ സ്ട്രൈക്കേഴ്‌സും ടോറോന്റോയുടെ ടീം യുണൈറ്റഡുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. രണ്ടു കരുത്തരായ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഉള്ള ആവേശം ഗ്യാലറികളിൽ. ആദ്യ സെറ്റ് ടീം യുണൈറ്റഡ് നേടിയപ്പോൾ രണ്ടാം സെറ്റ് ഡിഎൻവൈ സ്‌ട്രൈക്കേഴ്‌സ് നേടി. ഇതോടെ മത്സരത്തിന്റെ ആവേശവും പിരിമുറുക്കവും വാനോളമെത്തി, അവസാന സെറ്റിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ മത്സരച്ചൂട് കൊടുമുടി കയറി. അവസാനം ഡിഎൻവൈ സ്ട്രൈക്കേഴ്സിന്റെ ആരാധകരെ നിരാശരാക്കി ടോറോന്റോയുടെ ടീം യുണൈറ്റഡ് (29 -27) കപ്പുയർത്തി.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ പ്രഥമ എൻഎംഎസ് വോളീബോൾ ട്രോഫിയും സമ്മാനത്തുകയായ 5001 ഡോളറും ടീം യുണൈറ്റഡ് ടോറോന്റോയ്ക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ഡിഎൻവൈ സ്ട്രൈക്കേഴ്സിന് ലഭിച്ചത് 2501 ഡോളറും ട്രോഫിയും. നോർത്ത് അമേരിക്കയിൽ നടക്കുന്ന വോളീബോൾ മത്സരങ്ങളിലെ ഏറ്റവും കൂടിയ സമ്മാന തുക എൻഎംഎസ് എവർറോളിങ് ട്രോഫിക്കാണ്. ജിയോ ജോസായിരുന്നു മത്സരത്തിന്റെ മെഗാ സ്പോൺസർ.
ആഷ്‌ലി ജോസെഫയിരുന്നു മത്സരത്തിന്റെ കൺവീനർ. സമാപന സമ്മേളനത്തോടനുബന്ധിച്ചു വർണശബളമായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരെ ആദരിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി മത്സങ്ങൾ ഇതിലും വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.
പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് പാപ്പച്ചൻ,നിത്യ ചാക്കോ, സുനിൽ ജോക്കി, റോബിൻ ചിറയത്, മധു സിറിയക്, സജ്‌ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റർ പിന്റോ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയ്മോൻ മാപ്പിളശ്ശേരിൽ, ഡെന്നി കണ്ണൂക്കാടൻ, കോശി കാഞ്ഞൂപ്പറമ്പൻ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വർഗീസ് ജോസ്, രാജീവ് വാരിയർ, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.