പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: 2021-ല്‍ അമേരിക്കയില്‍ 47 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ദിനമായി ആചരിക്കുന്ന നവംബര്‍ 20 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ബൈഡന്‍ ഖേദപ്രകടനം നടത്തിയത്.
റിക്കാര്‍ഡ് നമ്പര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് ഈവര്‍ഷം കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈവര്‍ഷം കൊല്ലപ്പെട്ടവരുടെ മാത്രമല്ല, പീഡനം സഹിക്കേണ്ടിവന്നവരുടെ എണ്ണവും വളരെ അധികമാണ്. ഇതില്‍ കൂടുതല്‍പേരും ബ്ലാക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയിലെ ധീരരായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് എനിക്ക് അഭിമാനം ഉണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് ഇവിടെ അഭിമാനത്തോടും, സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാകൂ- ബൈഡന്‍ പറഞ്ഞു.
പല സംസ്ഥാനങ്ങളും നിയമനിര്‍മാണത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള പല അവകാശങ്ങളും നിഷേധിക്കുന്നതായി ബൈഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍ തന്റെ ഗവണ്‍മെന്റ് ഇവരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തുമെന്നും ബൈഡന്‍ ഉറപ്പുനല്‍കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് അസിസ്റ്റന്റ് സെക്രട്ടറി റേച്ചല്‍ ലെവിന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.