ഷാജി രാമപുരം
ഡാളസ്: മെസ്‌കിറ്റില്‍ കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും.
നവംബര്‍ 24 ബുധന്‍ രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മപ്പള്ളിയില്‍ (3760 14th St, Plano, Tx 75074) വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം പ്ലാനോയില്‍ ഉള്ള ടെഡ് ഡിക്കി ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (2128, 18th St, Plano, Tx 75074) സംസ്‌കരിക്കും. സംസ്‌കാര ശുശ്രുഷകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും
കുറ്റപ്പുഴ മോഴച്ചേരില്‍ പരേതനായ എം. സി വര്‍ഗീസിന്റെയും, അന്നമ്മ വര്‍ഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജന്‍, അലീന ആന്‍ സാജന്‍ എന്നിവര്‍ മക്കളും, അനീഷ് മരുമകനും ആണ്. സാജന്‍ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. മോഷണത്തിനിടെ സാജനെ വെടിവെച്ച് വീഴ്ത്തിയ 15 കാരനെ അറസ്റ്റ് ചെയ്തിരുന്നു.
ഞാറാഴ്ച്ച വൈകിട്ട് നടന്ന വ്യുവിംഗില്‍ സാജന്റെ ഭൗതീക ശരീരം ഒരുനോക്ക് കണ്ട് ആദരവ് അര്‍പ്പിക്കുവാന്‍ ഡാളസിലെ മലയാളികളും കൂടാതെ പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ള വന്‍ ജനാവലി എത്തിയിരുന്നു. ഡാളസിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്ന സാജന്റെ ആകസ്മിക വേര്‍പാട് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.
സംസ്‌കാര ശുശ്രുഷകള്‍ www.provisiontv.in എന്ന വെബ്‌സൈറ്റിലൂടെ കാണാം.