ഫെസ്ബുക്ക് ഉള്‍പ്പടെ വരുന്ന ട്രോളുകള്‍ കേരളത്തില്‍ നിരോധിക്കണമെന്ന് നടി ഗായത്രി സുരേഷ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ട്രോളുകള്‍ നിരോധിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റ് ഇടാനുള്ള സൗകര്യം ഇല്ലാതാക്കണമെന്നുമാണ് നടിയുടെ ആവശ്യം.
ലൈവ് വിഡിയോയിലൂടെയായിരുന്നു നടിയുടെ അഭ്യര്‍ഥന. കേരളത്തെ നശിപ്പിക്കാന്‍ പോലും ഇവര്‍ക്കു കരുത്തുണ്ടെന്നും ഇങ്ങനെയുളളവര്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും നടി പറയുന്നു.
ഗായത്രി സുരേഷിന്റെ വാക്കുകള്‍:
‘ഈ ട്രോളുകള്‍ അത്ര നല്ലതൊന്നുമല്ല. ഇതിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആളുകളെ പരിഹസിക്കുക എന്നതാണ്. സോഷ്യല്‍മീഡിയ തുറന്നുകഴിഞ്ഞാല്‍ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഈ തലമുറയുടെ കാര്യം പോട്ടെ. ഇനി വരുന്ന തലമുറ കണ്ടു പഠിക്കുന്നത് ഈ ആക്രമണ സ്വഭാവമാണ്.
ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍, അയാളെ അടിച്ചമര്‍ത്താനുള്ള പ്രവണതയാണ് കുട്ടികളെ കാണിച്ചുകൊടുക്കുന്നത്. അങ്ങനെയുള്ള ജനതയെ അല്ല, മറ്റുള്ളവര്‍ക്കൊപ്പം നില്ക്കുന്ന സമൂഹമാണ് വേണ്ടത്. ഞാന്‍ ഈ പറയുന്നത് എവിടെയെത്തും എന്നറിയില്ല. എനിക്കൊന്നും പോകാനില്ല, അത്രമാത്രം അടിച്ചമര്‍ത്തിക്കഴിഞ്ഞു എന്നെ. സിനിമ വന്നില്ലേല്ലും എനിക്ക് കുഴപ്പമില്ല.
എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന് സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും നടപടികളും എനിക്ക് ഇഷ്ടമാണ്. സാറിത് കേള്‍ക്കും എന്നു വിശ്വസിക്കുന്നു. സാറിന്റെ അരികില്‍ ഈ സന്ദേശം എത്തും. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ജീവിതത്തെ ഭരിക്കുന്ന ഭാഗമായി മാറിയിരിക്കുകയാണ്. ലഹരിമരുന്നില്‍നിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോള്‍ ട്രോളുകളില്‍നിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? ട്രോള്‍ വരും പിന്നെ കമന്റ് വരും. ആ കമന്റ് കാരണം ആളുകള്‍ മെന്റലാവുകയാണ്.
ഇത് എന്റെ മാത്രം പ്രശ്നമല്ല. ഇന്നലെ ഫെയ്സ്ബുക് നോക്കുമ്പോള്‍ എല്ലാത്തിനും അടിയില്‍ വൃത്തികെട്ട കമന്റുകളാണ്. സാറിനു പറ്റുമെങ്കില്‍, നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയില്ലേ, ഇവിടെ നമുക്ക് എലിയെ ചുടാം. സാറ് വിചാരിച്ചാല്‍ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തെയും കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും. കമന്റ്സ് നീക്കാന്‍ പറ്റില്ലെങ്കില്‍ ട്രോളുകള്‍ എങ്കിലും നിരോധിക്കണം സര്. എന്തെങ്കിലുമൊന്ന് ചെയ്യണം. ആളുകള്‍ക്ക് ഒരു ഭയം വരണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്.
ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ. ‘ട്രാഫിക്’ എന്ന സിനിമയില്‍ പറയുന്നതുപോലെ, നിങ്ങള്‍ എന്നെ ഇപ്പോള്‍ പിന്തുണച്ചില്ലെങ്കില്‍ മറ്റുള്ള ദിവസം പോലെ ഈ ദിവസവും കടന്നുപോകും. എനിക്കൊരുപാട് ട്രോളുകള്‍ വരും. ഇനിയും അടിച്ചമര്‍ത്തും. ഞാന്‍ അതിനു തയാറാണ്. അതിനുള്ള വൈറ്റമിന്‍സ് എന്റെ ശരീരത്തിലുണ്ട്. പക്ഷേ എന്നെ പിന്തുണച്ചാല്‍ സമൂഹത്തില്‍ ഒരുപാട് മാറ്റംവരും. സമൂഹമാധ്യമങ്ങളിലെ ഒന്നോരണ്ടോ ലക്ഷം ആളുകളല്ല കേരളം. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. ഇങ്ങനെയൊരു ലൈവ് വരുന്ന കാര്യം അമ്മയ്ക്കോ സഹോദരിക്കോ അറിയില്ല. ആറുമാസം എന്നോട് മിണ്ടാതിരിക്കാനാണ് അവര്‍ പറഞ്ഞത്. പക്ഷേ ഇക്കാര്യം പറയണം എന്നെനിക്കു തോന്നി.’ ഗായത്രി പറഞ്ഞു.