തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിനു വേണ്ടി ഏറ്റവുമധികം അധ്വാനിച്ച കെ.കരുണാകരന്റെ പേര് വിമാനത്താവളത്തിനിടാന്‍ കഴിയാതിരുന്നത് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ ദുഃഖമാണെന്നു മകന്‍ കെ. മുരളീധരന്‍ എംപി.
സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചാല്‍ നടക്കുന്ന കാര്യമായിരുന്നു. 2010ലാണു കരുണാകരന്‍ അന്തരിച്ചത്. 2011ല്‍ കോണ്‍ഗ്രസിനു മേധാവിത്വമുള്ള സര്‍ക്കാര്‍ കേരളത്തില്‍ വന്നു. 2014വരെ യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തിലുമുണ്ടായിരുന്നു. എന്നാല്‍ പേരിടല്‍ മാത്രം നടന്നില്ല. കാരണം തനിക്കറിയില്ല.
ഇനി ഇങ്ങനെ ഭരണ സമവാക്യം ഏതു കാലത്തു വരുമെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.കരുണാകരന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്’ എന്ന പുസ്തകം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍. രാജന്‍ കേസില്‍ തെറ്റായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചു കരുണാകരനു കയ്യൊഴിയാമായിരുന്നു.
ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചാല്‍ തനിക്കു മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമായിരുന്നെങ്കിലും അങ്ങനെ ചെയ്താല്‍ സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥ സമൂഹമായി അവര്‍ മാറുമെന്നുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്. ഉദ്യോഗസ്ഥരുടെ തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മന്ത്രിക്കു ബാധ്യതയുണ്ടെന്നു കരുണാകരന്‍ വിശ്വസിച്ചെന്നും ഇന്നത്തെക്കാലത്തു കോടതിയുടെ നേരിട്ടുള്ള വിമര്‍ശനം വന്നാല്‍ പോലും മന്ത്രിമാര്‍ രാജിവയ്ക്കാറില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു ലീഡറേയുള്ളൂവെന്നും അതു കരുണാകരനായിരുന്നെന്നും പുസ്തകം പ്രകാശനം ചെയ്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ് കരുണാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാഭവന്‍ ഉപാധ്യക്ഷന്‍ ഡോ.വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, അജിത് വെണ്ണിയൂര്‍, സി. ഉണ്ണിക്കൃഷ്ണന്‍, കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.