തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ 7 ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇവര്‍ കോവിഡ് പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണത്തിനു സാംപിള്‍ അയയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശവും സംസ്ഥാനത്തിനു ലഭിച്ചു.
ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരില്‍ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.
ഇവര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്വാറന്റീന്‍ തീരുമ്പോഴും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം പൊതുമാര്‍ഗരേഖ നല്‍കിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ബ്രസീല്‍, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കും.