ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന് ജെഫിന് കിഴക്കേക്കുറ്റ് (22) കാറപകടത്തില്‍ മരിച്ചു. ബിജു-ഡോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ജെഫിന്.
തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഏവരെയും ഞെട്ടിച്ച അപകടമുണ്ടായത്. ചിക്കാഗോ നഗരത്തിന് സമീപം ഇര്‍വിങ് പാര്‍ക്ക് & മാന്‍ഹൈം റോഡില്‍ ജെഫിന് ഓടിച്ചിരുന്ന കാര്‍ തെന്നി മാറി സമീപത്തുള്ള മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്ട്ര മീഡിയാ കോണ്ഫ്രന്സില് പിതാവിനോടൊപ്പം നിറ സാന്നിധ്യമായിരുന്നു ജെഫിന്. ഓഡിയോ വിഷ്വല്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം, പിതാവിനെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കുകയും അതിനോടൊപ്പം ഓഡിയോ വിഷ്വല്‍ മേഖലയില്‍ സ്വന്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഒരു സ്റ്റുഡിയോക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടയിലാണ് ആകസ്മികമായി മരണം റോഡ് ആക്സിടന്റിന്റെ രൂപത്തില്‍ ജെഫിനെ തട്ടിയെടുക്കുന്നത്.
ജെറിന്, ജെസ്റ്റിന്, ജോ (ജോസഫ്) എന്നിവര്‍ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂര്‍ ആക്കകൊട്ടാരത്തില്‍ കുടുംബാംഗമാണ്. സംസ്കാരം ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ 9 വരെയും സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും. (Dec 3 & 4). തുടര്‍ന്ന് മേരിഹില്ലിലെ ക്നാനയ സെമിത്തേരിയില്‍ സംസ്കരിക്കും.