പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: ട്രമ്പ് ഭരണകൂടം അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികള്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.
അമേരിക്കയില്‍ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ മെക്‌സിക്കോയില്‍ തന്നെ തുടരണമെന്നും, യു.എസ്. ഇമ്മിഗ്രേഷന്റെ ഹിയറിംഗ് കഴിഞ്ഞതിനുശേഷം ഫെഡറല്‍ കോടതി യുടെ ഉത്തരവിനുശേഷം മാത്രമേ അമേരിക്കയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ഡിസംബര്‍ 2 വ്യാഴാഴ്ച യു.എസ്. മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.
ബൈഡന്‍ ഭരണകൂടത്തിന്റെ ആദ്യവര്‍ഷം തന്നെ പുതിയ ഇമ്മിഗ്രേഷന്‍ നയങ്ങള്‍ നടപ്പാക്കുന്നതിന് ബൈഡന്‍ ഭരണകൂടം പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും, അതു പൂര്‍ണ്ണമായി വിജയത്തിലെത്തിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
മെക്‌സിക്കൊ യു.എസ്. അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന അനധികൃത കുടിയേറ്‌റക്കാരുടെ അറസ്റ്റും ഭരണകൂടത്തിന്റെ പുതിയ ഇമ്മിഗ്രേഷന്‍ നയങ്ങളുടെ പുനര്‍ചിന്തനത്തിന് വഴിയൊരുക്കി.
ട്രമ്പ് കൊണ്ടുവന്ന മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍(MPP) ബൈഡന്‍ അധികാരമേറ്റ ജനുവരിയില്‍ തന്നെ പിന്‍വലിച്ചിരുന്നു. അഭയാര്‍ത്ഥികളോടുള്ള മാനുഷിക പരിഗണന മൂലം മാത്രമാണെന്നും എം.പി.പി. പ്രഖ്യാപിച്ചിരുന്നതെങ്കിലും, ബൈഡന്‍ ഭരണകൂടം ഈ നിയമം പിന്‍വലിച്ചത് പുനഃസ്ഥാപിക്കുന്നതിന് ആഗസ്റ്റ് മാസം തന്നെ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു.
അഭയാര്‍ത്ഥിപ്രവാഹം ഇന്നത്തെ ഭരണത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നതിനാലാണ്, പഴയ ട്രമ്പ് തീരുമാനങ്ങള്‍ ഓരോന്നായി പുനഃസ്ഥാപിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.