ലണ്ടന്‍: കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കിടെ 45 രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ അതിജാഗ്രതയില്‍ ലോകം. രണ്ടു വര്‍ഷം നീണ്ട കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ലോകം ക്രിസ്മസ് അവധിയിലേക്കും ആഘോഷങ്ങളിലേക്കും ഉണരാനിരിക്കെയാണ് ഞെട്ടിക്കുന്ന വേഗത്തില്‍ പുതിയ വകഭേദം പടരുന്നത്.
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ ഇതിനകം നിരവധി പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസില്‍ 16 സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരെ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതര്‍ കഴിഞ്ഞ ദിവസം 16,000 ആണ്.
ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇപ്പോഴും ഒമിക്രോണ്‍ ഭീതിയില്‍ ബഹുദൂരം മുന്നിലെങ്കിലും യൂറോപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് രാജ്യങ്ങള്‍ കരുതല്‍ കൂട്ടിയിട്ടുണ്ട്. പോളണ്ട്, സ്‌ലോവാക്യ, ഇറ്റലി, സ്‌കോട്‌ലന്‍ഡ് തുടങ്ങിയവ ഇതിനകം ഭാഗികമായെങ്കിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രൊയേഷ്യ, നേപാള്‍, റഷ്യ, അര്‍ജന്റീന എന്നിവയിലാണ് അവസാനമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.
അതേ സമയം, കോവിഡ് മഹാമാരി ലോകത്ത് മലേറിയ മരണം വര്‍ധിപ്പിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവശ്യ സേവനങ്ങള്‍ വഴിമുട്ടിയതാണ് ലക്ഷങ്ങള്‍ അധികമായി മരണത്തിനു കീഴടങ്ങാന്‍ കാരണം. 2020ല്‍ 24.1 കോടി പേരിലാണ് പുതുതായി മലേറിയ വന്നത്.
1.4 കോടി പേരാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയത്. മരണസംഖ്യ 69,000 ആയിരുന്നത് 627,000 ആയും കൂടി.