നാദാപുരം: യുവതിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശിനി ചെട്ടീന്റെവിട ജമാലിന്റെ ഭാര്യയും കുനിങ്ങാട് കിഴക്കയില്‍ നൂര്‍ജഹാന്‍ മന്‍സിലില്‍ മൂസ-കുഞ്ഞയിഷ ദമ്പതികളുടെ മകളുമായ നൂര്‍ജഹാന്റെ (44) മരണത്തെ തുടര്‍ന്നുണ്ടായ പരാതിയിലാണ് വളയം പോലീസ് കേസെടുത്തത്. വിദ്ഗധ ചികിത്സ നിഷേധിച്ച് നടത്തിയ മന്ത്രവാദ ചികിത്സയാണ് സഹോദരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് നൂര്‍ജഹാന്റെ മാതാവിന്റെ സഹോദരീ പുത്രനാണ് പരാതി നല്‍കിയത്.
ആറുമാസങ്ങള്‍ക്ക് മുമ്പും യുവതിക്ക് രോഗം ബാധിച്ചിരുന്നു. യുവതിയുടെ വിവരം ലഭ്യമാകാതിരുന്നതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് രോഗം ബാധിച്ച് ഗുരുതരവസ്ഥയിലാണെന്നറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. കൃത്യമായ ചികിത്സ നല്‍കാതിരുന്നതാണ് അസുഖം കൂടാന്‍ ഇടയാക്കിയതെന്നും ഏറെ നിര്‍ബന്ധിപ്പിച്ചാണ് ചികിത്സയ്ക്ക് കോഴിക്കോട്ടേക്കു മാറ്റാന്‍ ഭര്‍ത്താവ് ജമാല്‍ സമ്മതിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതോടെ തുടര്‍ചികിത്സ നടത്താന്‍ ജമാല്‍ തയാറാകാതെ ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലിന് മാതാവ് കുഞ്ഞയിഷയോട് മരണവാര്‍ത്ത ജമാല്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഫൈസലിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആലുവയില്‍നിന്ന് കല്ലാച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന മൃതദേഹം പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് വടകര മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നുരാവിലെ വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് വളയം എസ്‌ഐ പറഞ്ഞു.