കഴിഞ്ഞ ദിവസം കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അമേരിക്കയെ പരോക്ഷമായി കുറ്റപ്പെടുത്തി ചൈനീസ് മാധ്യമം രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം തയ്വാനിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മില്‍ ബന്ധമുണ്ടെന്ന കോണ്‍സ്പിറസി തിയറിക്കെതിരെ ആണ് ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയത്.
ഏഷ്യാ സൊസൈറ്റിയുടെ 2012-ലെ ബെര്‍ണാഡ് ഷ്വാര്‍ട്സ് ബുക്ക് അവാര്‍ഡ് നേടിയ, ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ജിയോസ്ട്രാറ്റജിസ്റ്റും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി ആണ് ഇത്തരമൊരു ട്വീറ്റ് ആദ്യമായി പോസ്റ്റ് ചെയ്തത്.
‘2020-ന്റെ തുടക്കത്തില്‍ തയ്വാന്‍ സൈനിക മേധാവി ജനറല്‍ ഷെന്‍ യി-മിങ്ങിനെയും രണ്ട് മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരെയും കൊലപ്പെടുത്തിയ ഹെലികോപ്റ്റര്‍ അപകടവുമായി ജനറല്‍ റാവത്തിന്റെ മരണത്തിന് വിചിത്രമായ സമാന്തരമുണ്ട്. ഓരോ ഹെലികോപ്റ്റര്‍ അപകടവും പിആര്‍സിയുടെ ആക്രമണത്തിനെതിരായ പ്രതിരോധത്തിലെ ഒരു പ്രധാന വ്യക്തിയെ ഇല്ലാതാക്കി’, ഇതായിരുന്നു ബ്രഹ്മ ചെല്ലാനിയുടെ ട്വീറ്റ്.
ഇതിനു മറുപടിയായാണ് ചൈനീസ് ഗ്ലോബല്‍ ടൈംസ് ട്വീറ്റ് വഴി പ്രതികരിച്ചത്. ‘ അമേരിക്ക ശക്തമായി എതിര്‍ത്ത റഷ്യന്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് നീങ്ങുന്നതിനാല്‍, ഈ അപകടത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതു പോലെയാണ് ഈ വീക്ഷണം’ എന്നതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സൈനികര്‍ തമിഴ്നാട്ടിലെ കൂണൂരില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടലിലും ശോകത്തിലും ആഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ സമാനമായ ഒരപകടത്തില്‍ തയ്വാന്റെ സൈനിക മേധാവി കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ സംഭവം. തയ്വാന്‍ സൈനിക മേധാവി ജനറല്‍ ഷെന്‍ യി മിങ്ങും 12 പേരടങ്ങിയ സൈനിക സംഘവും തലസ്ഥാനമായ തയ്പേയിയിലെ സോങ്ഷാന്‍ എയര്‍ ബേസില്‍ നിന്നു ബ്ലാക്ക് ഹോക്ക് എന്നയിനം ഹെലിക്കോപ്റ്ററില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ഡോങ്കാവു സെനിക ബേസിലേക്കു പോകുകയായിരുന്നു.
എന്നാല്‍, മോശം കാലാവസ്ഥ മൂലം ഹെലിക്കോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വരികയായിരുന്നു. ലാന്‍ഡിങ്ങിനു മുന്‍പ് ഹെലിക്കോപ്റ്ററുമായ ബന്ധം നഷ്ടപ്പെട്ടതായും അധികൃതര്‍ അറിയിച്ചിരുന്നു.
നിരവധി ഹെലിക്കോപ്റ്ററുകളും നൂറുകണക്കിനു സൈനികരുമടങ്ങുന്ന രക്ഷാപ്രവര്‍ത്തന സംഘത്തെ ഉടനടി തന്നെ തയ്വാന്‍ സൈന്യം അപകടസ്ഥലത്തേക്കു നിയോഗിച്ചെങ്കിലും ജനറലിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 2010ല്‍ യുഎസ് തയ്വാനു വിറ്റ 60 ബ്ലാക്ക് ഹോക്ക് വിമാനങ്ങളില്‍ ഒന്നായിരുന്നു അപകടത്തില്‍ പെട്ടതെന്ന് താമസിയാതെ കണ്ടെത്തി.
ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന 13 അംഗ സംഘത്തില്‍ 8 പേരും കൊല്ലപ്പെട്ടു. ജനറല്‍ ഷെന്‍ യി മിങ്ങും ഇക്കൂട്ടത്തില്‍ പെടുന്നു.