ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയ ബ്രിട്ടനില്‍ കോവിഡിന്റെ മറ്റൊരു തരംഗം ആവര്‍ത്തിക്കുകയാണ്. ഇന്നലെ മാത്രം 88,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം ഇത്രയേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ലോക്ഡൗണ്‍ കാലത്തുപോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം 78610 പേര്‍ക്ക് രോഗം സ്ഥരീകരിച്ചിരുന്നു.
വരുദിവസങ്ങളില്‍ സാഹചര്യം ഇതിലും മോശമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. എന്‍.എച്ച്.എസ് ആശുപത്രികളെല്ലാം വീണ്ടും കോവിഡ് രോഗികളെക്കൊണ്ട് നിറയുന്ന സ്ഥിതിയാണ്. പുതിയ തരംഗത്തില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും വലിയതോതില്‍ ഉണ്ടാകാമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ശ്രമവും സര്‍ക്കാര്‍ ഉര്‍ജിതമാക്കുന്നുണ്ട്. ഇന്നലെ 745,183 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.
ഇതിനിടെ രാജ്യം വീണ്ടുമൊരു ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യത തള്ളി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കേണ്ടതില്ലെങ്കിലും ഇവയെല്ലാം കരുതലോടെയും ജാഗ്രതയോടെയും വേണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്ത് ഇനിയുമൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് വിയോജിപ്പുള്ളവരാണ് ഭരണകക്ഷിയായ ടോറിയിലെ നല്ലൊരു ശതമാനം നേതാക്കളും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞി അടുത്തയാഴ്ച ആദ്യം വിന്‍സര്‍ കൊട്ടാരത്തില്‍ നടത്താനിരുന്ന ക്രിസ്മസ് വിരുന്ന് റദ്ദാക്കി. രാജകുടുംബാംഗങ്ങള്‍ക്കായി പരമ്പരാഗതമായി നടത്തിവന്നിരുന്ന ക്രിസ്മസ് ലഞ്ച് പാര്‍ട്ടിയാണ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കോവിഡ് മൂലം റദ്ദാക്കപ്പെടുന്നത്.