അനിൽ ആറൻമുള
ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളി സമൂഹത്തിൽ ബഹുമുഖപ്രതിഭയായി നിറഞ്ഞു നിൽക്കുന്ന ശ്രി ജി കെ പിള്ള കെ എച് എൻ എ യുടെ പ്രസിഡണ്ടായി മത്സരിക്കുകയാണ്. ഞങ്ങൾ സ്നേഹപൂർവ്വം ജി കെ എന്ന് വിളിക്കുന്ന അദ്ദേഹവുമായി കഴിഞ്ഞ 33 വര്ഷങ്ങളിലെ സഹോദരനിർവിശേഷമായ ബന്ധത്തിൽ നിന്നും ലഭിച്ച ചില അനുഭവങ്ങൾ കെ എച് എൻ എ അംഗങ്ങളുമായി പങ്കുവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയതാണ് ഈകുറിപ്പിനാധാരം. വിഷലിപ്തമായ ചില മനസ്സുകൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില പരാമർശങ്ങൾ നടത്തിയപ്പോൾ മൗനം ഭജിക്കുന്നത് ശരിയല്ല എന്ന തോന്നലും ഉണ്ടായി.
ഹ്യൂസ്റ്റൺ കേരളാ ഹിന്ദു സൊസൈറ്റിയിലൂടെയാണ് അദ്ദേഹവുമായി അടുക്കുന്നത്. 42 വര്ഷം പഴക്കമുള്ള ആ സംഘടനക്ക് ആസ്ഥാനമായി ആദ്യമായി ഒരു കെട്ടിടം വാങ്ങാൻ മുൻകൈയെടുത്ത ആളാണ് പിള്ള. പിള്ള ഉൾപ്പെടുന്ന കെ എച് എസ് ലെ നേതാക്കന്മാർ കൂടി സ്വരൂപിച്ചുവച്ച ഒരുലക്ഷം ഡോളറാണ് ഇന്ന് കെ എച് എസ് പ്രവർത്തകരുടെ അഭി മാനമായി നിലകൊള്ളുന്ന ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രനിർമിതിക്കു ആദ്യത്തെ മൂലധനമായി ഉപയോഗിച്ചത്.
സമുദായ പ്രവർത്തനങ്ങളിലെ പോലെ സാമൂഹ്യമായും പ്രവർത്തിക്കുമ്പോൾ പലപ്പോഴും നേർക്കുനേർ എതിർക്കേണ്ടിയും വന്നിട്ടുണ്ട്. ഒരുമിച്ചുനിൽക്കുമ്പോഴത്തേതിലും സൗമ്യനും സ്നേഹസമ്പന്നനുമായ ജി കെ യോട് എന്റെ ചില പരാമര്ശങ്ങൾക്കു ഒന്ന് രണ്ടു പ്രാവശ്യം മാപ്പു ചോദിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരാളെക്കുറിച്ചുപോലും മോശമായി സംസാരിക്കാത്ത ആരോടും ശത്രുത വച്ചുപുലർത്താതെ പുലഭ്യം പറയുന്നവന് പുഞ്ചിരി സമ്മാനിച്ച് നടന്നകലുന്ന വ്യക്തിത്വം ജികെയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
ഞാൻ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റായിരിക്കെ
അദ്ദേഹത്തോട് ക്ഷേത്രത്തിന്റെ പ്ലൈവുഡിൽ തീർത്ത മുൻ വാതിൽ മാറ്റി ഒരു തേക്കുതടി വാതിൽ പണിയിക്കുവാൻ സഹായിച്ചാൽ നന്നായിരുന്നു എന്ന് പറഞ്ഞു. ഉടൻതന്നെ ചില ചോദ്യങ്ങൾക്കു ശേഷം ദശാവതാരം കൊത്തിയ വാതിലും അത് നാട്ടിൽനിന്നും എത്തിക്കാനുള്ള കണ്ടൈനർ ഏർപ്പാടുകളും അതിന്റെ ചിലവും അദ്ദേഹം തന്നെ ഏർപ്പാടാക്കി. എന്നോട് ഒരു കാര്യമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളു അദ്ദേഹത്തിൻറെ പേര് ഒരിടത്തും പറയരുത്. കുറേക്കാലം ഒരുഭക്തൻ എന്ന പേര് ഉപയോഗിച്ച് എങ്കിലും പിന്നെ അത് മറ്റുള്ളവരെ അറിയിക്കേണ്ടി വന്നു.
ഹൂസ്റ്റണിലെ ഫൊക്കാന കൺവൻഷനു മുഖ്യാതിഥിയായി എത്തിയിരുന്ന ശ്രി ഗോപിനാഥ് മുതുകാടിൻറെ ക്ഷണം അനുസരിച്ചു അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വസതിയോടു ചേർന്ന മന്ദബുദ്ധികളായ കുട്ടികൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഒരുഭവനം സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അത്. കുശല പ്രശ്നത്തിനിടയിൽ മുതുകാട് എന്നോട് പറഞ്ഞു മുപ്പതിലധികം കുട്ടികളുള്ള ആസ്ഥാപനം അടച്ചുപൂട്ടലിൻറെ വക്കത്തെത്തിയപ്പോൾ കൈത്താങ്ങായി നിന്ന് അതിനെ സംരക്ഷിച്ച ഒരാളുണ്ട് ഒരു അമേരിക്കൻ മലയാളി. ഇന്നും ഭീമമായ ഒരു തുക വർഷാവർഷം അദ്ദേഹം അവർക്കെത്തിച്ചു കൊടുക്കുന്നു. പക്ഷെ പേരുപറയാൻ അനുവാദമില്ല. അദ്ദേഹം ചിരിച്ചു. അന്നുമുതൽ ജികെ എനിക്കും പ്രിയപ്പെട്ടവനായി.
കെ എച് എൻ എ യുടെ തുടക്കത്തിൽ സ്വാമി സത്യാനന്ദ സരസ്വതി ഹ്യൂസ്റ്റനിൽ ആയിരുന്നപ്പോൾ സ്വാമിജിയുടെ പ്രവാസി മലയാളികളിലൂടെ ലോക ഹുന്ദുസമൂഹത്തിനു സഹായകമാകണം എന്നുദ്ദേശിച്ചു തയ്യാറാക്കിയ പ്രോജെക്ട് ഹരി (Hindu Arshic Renaissance International) എന്ന രൂപരേഖയിൽ പറയുന്ന വേൾഡ് ഹിന്ദു പാർലമെന്റ്, വേൾഡ് ഹിന്ദു ബാങ്ക് എന്നീ ആശയങ്ങളിൽ സ്വാമിജി ആവശ്യപ്പെട്ടതനുസരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഈ രൂപരേഖ തയ്യാറാക്കിയത് ജികെ പിള്ള ആയിരുന്നു. അത് പ്രാവർത്തികമാക്കാൻ സ്വാമിജി മുന്നിൽകണ്ടിരുന്നത് ജികെ ആയിരുന്നോ എന്നുപോലും പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ നിയോഗം പോലെ സ്വാമിജി വിഭാവനം ച്യ്ത അമേരിക്കയിലെ ആദ്യത്തെ രാമദാസ മിഷൻ ആശ്രമത്തിനും ഹനുമാൻ ക്ഷേത്രത്തിനും തറക്കല്ലു വീഴുകയാണ് ഹ്യൂസ്റ്റനിൽ ജികെയുടെ നേതൃത്വത്തിൽ.
ഇവിടെ ജികെയുടെ വലംകൈ ആയി നിൽക്കുന്ന രഞ്ജിത് പിള്ളയെ കുറിച്ച് സനാതനധർമ്മം മൊത്തമായി എടുത്ത ഒരു നേതാവ് പരാമർശിച്ചത്തിനു ഒരു മറുപടിയുണ്ട്. തിരുവനന്തപുരത്തു പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ജി മധുസൂദനൻ പിള്ളയുടെ പുത്രനാണ് രഞ്ജിത്. അദ്ദേഹം സ്വാമിജി സ്ഥാപിച്ച ശ്രീ രാമദാസ മിഷെൻറെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. മധുസൂദനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള മംഗലശ്ശേരി എഡ്യൂക്കേഷണൽ ഗ്രൂപ്പിന്റെ അധീനതയിൽ ഉള്ളത് മൂന്ന് സ്കൂളുകളാണ്. കോഴിക്കോട് എം ഐ ടി യിൽനിന്നും കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ മാസ്‌റ്റേഴ്‌സ് എടുത്ത രഞ്ജിത്ത് കേരളത്തിൽ സ്വന്തമായി സോഫ്ട്‍വെയർ കമ്പനി നടത്തുന്നുണ്ട്.
ചങ്കോട്ടുകോണം ആശ്രമ പരിസരത്തു വളരാനും സത്യാനന്ദ സരസ്വതി എന്ന ജഗത്ഗുരുവിൽനിന് ആദ്യാക്ഷരം നാവിൽ കുറിച്ച് വാങ്ങാനും യോഗം സിദ്ധിച്ച രഞ്ജിത്ത് സ്വന്തം ബിസിനസ്സിനൊപ്പം ആശ്രമ കാര്യങ്ങളിൽ ജികെയുടെ ശക്തിയാണ്. അത് തന്റെ നിയോഗമായി രഞ്ജിത് കാണുന്നു. ആശ്രമ കാര്യങ്ങളുമായി കെ എച് എൻ എ യിൽ എത്തിയ ജികെയെ അതിൻറെ പ്രസിഡന്റ് സ്ഥാനത്തേക്ക് നയിച്ചതും സ്വാമിജിയുടെ സാന്നിധ്യം കെ എച് എൻ എ എന്ന ഈ മഹാപ്രസ്ഥനത്തോടൊപ്പമുണ്ട് എന്നതിന്റെ വ്യക്തമായ അടയാളമാണെന്നും രഞ്ജിത് പറയുന്നു. കെ എച് എൻ എ യിൽ ശുദ്ധികലശം അനിവാര്യമാണെന്ന് സ്വാമിജി കരുതുന്നുണ്ടാകും എന്നാണ് രഞ്ജിത് ഭാക്ഷ്യം.
ഇതുവരെ എല്ലാറ്റിനും പിന്നിൽ നിന്ന് ഊർജം പകർന്ന ജികെയെ പോലുള്ളവർ മുൻനിരയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ ഇരുപതു വർഷമായി കെ എച് എൻ എ എന്ന മഹാ പ്രസ്ഥാനം സദ്‌ഫലങ്ങൾ ഉതിർക്കേണ്ട സമയമെത്തിയിരിക്കുന്നു. നമുക്കിടയിലെ വിഷ കളകളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ പറിച്ചെറിഞ്ഞു ശുദ്ധീകരിച്ചു സമൂഹ നന്മക്കും തലമുറകളുടെ ഉന്നമനത്തിനും വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ജികെയെ പോലുള്ളവർ നേതൃ സ്ഥാനത്തേക്ക് വരട്ടെ. വ്യക്തിപരമായ അധിക്ഷേപങ്ങൾ വൈറസുകളുടെ അവസാനത്തെ ആളിക്കത്തൽ ആയി കണ്ടാൽ മതി. ജികെക്കും 2023 ഹ്യൂസ്റ്റൺ ടീമിനും ഭാവുകങ്ങൾ.