കൊച്ചി: തനിക്കെതിരായി ഉയര്‍ന്ന മീ ടു ആരോപണത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ലൈംഗികാരോപണ വിധേയനായ ഗായകന്‍ റാപ്പര്‍ വേടന്‍ പങ്കുവെച്ച കുറിപ്പിന് നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടേയുള്ള പല പ്രമുഖരും ലൈക്ക് അടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഈ വിഷയത്തില്‍ വിഷദീകരണവുമായി പാര്‍വതി രഗംത്ത് എത്തിയെങ്കിലും പലരും അതിനെ മുഖവിലയ്ക്ക് എടുക്കാന്‍ പോലും തയ്യാറായിട്ടില്ല.
പാര്‍വതിയുടെ തിരുത്തല്‍ പോസ്റ്റ് ഇങ്ങിനെ:
”ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു…”
”എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് അതിജീവിച്ച കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ ലൈക്ക് നീക്കം ചെയ്തു. ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണോ എന്നും, എങ്ങനെ സുഖപ്പെടാമെന്നും എല്ലായ്‌പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, ഞാന്‍ എന്നും അവരുടെ കൂടെ മാത്രമേ നില്‍ക്കൂ. നിങ്ങളെ നിരാശപ്പെടുത്തിയെന്ന് തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു…”
വേടന്‍ വിഷയത്തില്‍ മാത്രമല്ല, മറ്റ് പലവിഷയങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തമായ നിലപാട് സ്വീകരിച്ചയാളാണ് പാര്‍വതി തിരുവോത്തെന്ന് പറഞ്ഞുകൊണ്ട് കിരണ്‍ എ.ആര്‍ എന്ന വ്യക്തി നടിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഒരേ വിഷയം പലരുടെയും കാര്യത്തില്‍ വരുമ്പോ പ്രിവിലേജുകളനുസരിച്ചു പല നിലപാടുകളെടുക്കുന്ന, സ്യൂഡോ പൊളിറ്റിക്കലെന്നോ എലീറ്റ് ഫെമിനിസ്‌റ്റെന്നോ കൃത്യമായി വിളിക്കാവുന്ന ഒരു നടിയുണ്ടെങ്കില്‍ അത് പാര്‍വതി തിരുവോത്താണ് കിരണ്‍ പറയുന്നത്. അവരുടെ രാഷ്ട്രീയവുമതേ ലിംഗനീതിവിഷയങ്ങളിലെ നിലപാടുകളുമതേ, രണ്ടും തൊലിപ്പുറമേ കാണുന്ന പുരോഗമനങ്ങളാണ്.
പീഢനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികള്‍’ ആണെന്ന് സംപിധായകന്‍ ഒമര്‍ ലുലു പരിഹസിച്ചു.
ഒമറിന്റെ പോസ്റ്റ് ഇങ്ങനെ…
”പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഢന വിഷയത്തില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം..?”
”ദിലീപ് വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവര്‍..!”
”അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു ലൈക്കിനു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്..? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്..? സ്ത്രീപക്ഷ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടന്‍ കളിപ്പിക്കുന്നത് നിര്‍ത്താന്‍ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു…”